ശബരിമല വിമാനത്താവളം: 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകി

കോട്ടയം: ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതി ശുപാർശകൾ കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവ്.

പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് അനുകൂലമെന്നാണ് വിദഗ്ധ സമിതി ശുപാർശ. സാമൂഹ്യ നീതി ഉറപ്പാക്കും വിധം പുനരധിവാസ പാക്കേജ് തയാറാക്കണമെന്നും വിദഗ്ധ സമിതി നിർദേശിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയാണ് ഭൂമി ഏറ്റെടുക്കലിന് റവന്യു വകുപ്പ് ഉത്തരവ് ഇറക്കിയത്.

ഭൂവുടമയ്ക്ക് നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുക്കേണ്ടതെങ്കിലും ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സർക്കാർ തന്നെ സിവിൽ കേസ് നൽകിയിട്ടുളളതിനാൽ ബിലീവേഴ്സ് ചർച്ചിന് പണം നൽകില്ല. കേസ് തീരുന്ന മുറയ്ക്ക് കോടതിയിൽ പണം കെട്ടിവെയ്ക്കാനാണ് തീരുമാനം.

കേസിൽ പെട്ട ഭൂമിയായതിനാൽ ഇപ്പോൾ പണം നൽകില്ല. വ്യവസ്ഥകൾ പാലിച്ചുകൊണ്ടായിരിക്കും ഭൂമി ഏറ്റെടുക്കുക. വിമാനത്താവള റണ്‍വേ എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ച് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. റണ്‍വേയുടെ കിഴക്കുദിശ എരുമേലി ടൗണിനുസമീപം ഓരുങ്കല്‍ക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമായിരിക്കും.

More Stories from this section

family-dental
witywide