എരുമേലി: പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് എരുമേലിയിൽ ശബരിമല തീർഥാടകർ റോഡ് ഉപരോധിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്ന ഭക്തരടക്കം എരുമേരി- റാന്നി പാത ഉപരോധിച്ചത്. ഒന്നരമണിക്കൂറോളം പ്രതിഷേധം നീണ്ടു. ഒരു വാഹനം പോലും തീർഥാടകർ കടത്തിവിട്ടില്ല. തീർഥാടക വാഹനങ്ങൾ പമ്പയിലേയക്ക് കടത്തിവിടണം എന്നാണ് ഇവരുടെ ആവശ്യം.
റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുപോകാന്‍ തീര്‍ഥാടകര്‍ അനുവദിച്ചില്ല. പോലീസെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് റോഡ് ഉപരോധിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞുമനസ്സിലാക്കിയതോടെയാണ് തീര്‍ഥാടകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ദര്‍ശനത്തിനായി ശബരിമലയിലേക്കു പോകാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നു പ്രമുഖ ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ഭക്തരും പൊലീസും തമ്മില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വാക്കേറ്റമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാവിലെ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ എത്തിയ നൂറുകണക്കിനു ഭക്തരെ ഏരുമേലിയിലും പമ്പയിലും തിരക്കാണെന്നു ചൂണ്ടിക്കാട്ടി ഏറ്റുമാനൂരില്‍നിന്നു പോകാന്‍ അനുവദിച്ചിരുന്നില്ല.
പമ്പയില്‍നിന്നു നിര്‍ദേശം ലഭിക്കുന്നതിന് അനുസരിച്ച് മാത്രം ഇടത്താവളങ്ങളില്‍നിന്ന് ഭക്തരെ യാത്രയ്ക്ക് അനുവദിക്കുന്നതാണ് പ്രശ്‌നത്തിനിടയാക്കിയത്. എല്ലാ ഇടത്താവളങ്ങളില്‍നിന്നും ഒരുമിച്ച് ഭക്തരെ വിട്ടാല്‍ എരുമേലിയിലും പമ്പയിലും തിരക്ക് അനിയന്ത്രിതമാകുമെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നു.