കോഴിക്കോട്: തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതുകൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത.
സിപിഎം മതനിഷേധകരുടെ പാര്‍ട്ടിയാണെന്നും മതനിഷേധം ഉണ്ടാക്കി പ്രസ്ഥാനത്തെ വളര്‍ത്തുക എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വശാസ്ത്രമാണെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സത്യം ഇങ്ങനെയായിരിക്കെ വസ്തുതകളെല്ലാം മറച്ചുവച്ച് മതസംഘടനകളെ കൂട്ടുപിടിച്ച് വോട്ടു രാഷ്ട്രീയത്തിനു വേണ്ടി സിപിഎം പുതിയരീതികള്‍ സ്വീകരിക്കുകയാണ്. ആ കാപട്യത്തെയാണ് എല്ലാവരും എതിര്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”തങ്ങള്‍ മതനിഷേധികളാണെന്ന് പറയാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് തീര്‍ത്തും അവകാശമുണ്ട്. അല്ലെങ്കില്‍ ആ തത്വശാസ്ത്രം കൈവിട്ട് പുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് പറയാനുള്ള ധൈര്യം അവര്‍ക്ക് ഉണ്ടാകണം”- അദ്ദേഹം പറഞ്ഞു.
”ചിട്ടയോടെ മുന്നോട്ടുപോകുന്ന മതമാണ് ഇസ്ലാം. വിദ്യാഭ്യാസം നേടുന്നതിന് ശിരോവസ്ത്രം തടസമല്ല, ഇങ്ങനെയൊക്കെ ആയാലേ പുരോഗതിയാകൂ എന്നൊരു സന്ദേശമാണ് അനില്‍കുമാര്‍ നല്‍കുന്നത് അത് ശരിയല്ല. മതചിട്ട പാലിച്ചുകൊണ്ടു തന്നെ ഒരാള്‍ക്ക് ഭൗതികവിദ്യാഭ്യാസം നേടാനും ഉയരാനും കഴിയും” അബ്ദുസമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി. അനില്‍കുമാറിൻ്റെ പരാമർശത്തില്‍ പ്രതിഷേധിച്ച് മുസ്ലിം മതസംഘടനകളും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
അനില്‍ കുമാറിൻ്റെ പ്രസ്താവനയെ തള്ളി മുൻ മന്ത്രി കെ ടി ജലീല്‍ ഇന്നലെ രംഗത്തു വന്നിരുന്നു. അനില്‍കുമാർ പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായമാണെന്നും അത് പാർട്ടി നിലപാടല്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.