ചെന്നൈ: സനാതന ധർമം പുരാതന ഹൈന്ദവ ജീവിതരീതിയുടെ അടിസ്ഥാന ശിലയാണെന്നും ഹിന്ദുക്കൾ പാലിക്കേണ്ട ഒരു കൂട്ടം കടമകളാണ് ഇതിൽ പറയുന്നതെന്നും മദ്രാസ് ഹൈക്കോടതി. എങ്കിലും സനാതനധർമത്തിൽ എവിടെയെങ്കിലും തൊട്ടുകൂടായ്മയോ ജാതീയതയോ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ അത് വച്ചുപൊറുപ്പിക്കില്ലെന്നും ജസ്റ്റിസ് എൻ. ശേഷസായി പറഞ്ഞു.
സനാതന ധർമത്തെ എതിർക്കാനുള്ള കാരണങ്ങൾ പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവാരൂർ സർക്കാർ കോളജ് പുറത്തിറക്കിയ സർക്കുലറിന് എതിരെയുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
രാഷ്ട്രത്തോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള കടമ എന്നിവ ഉൾപ്പെടെയാണു സനാതന ധർമത്തിൽ പറയുന്നതെന്ന് കോടതി പറഞ്ഞു.
“മതവുമായി ബന്ധപ്പെട്ട ദുരാചാരങ്ങൾ കാലാനുസൃതമായി നീക്കം ചെയ്യേണ്ട കളകളാണ്; പക്ഷേ വിള പൂർണമായും എന്തിനു നശിപ്പിക്കണം? മതകാര്യങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം പ്രയോഗിക്കുമ്പോൾ, ആർക്കും പരുക്കേൽക്കാതെ ജാഗ്രത പാലിക്കണം. വിദ്വേഷം പ്രകടിപ്പിക്കാൻ വേണ്ടിയാവരുത് സ്വാതന്ത്ര്യം.” ഓരോ പൗരനും അഭിപ്രായ സ്വാതന്ത്ര്യത്തിന് മൗലികാവകാശമുണ്ടെന്നെന്ന ബോധ്യത്തോടെയാണിതു ചൂണ്ടിക്കാട്ടുന്നതെന്നും കോടതി പറഞ്ഞു.