റിയാദ്: ശനിയാഴ്ച നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവർത്തിച്ചു സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. പലസ്തീൻ ജനതയ്‌ക്കെതിരായ “കുറ്റകൃത്യങ്ങളുടെ” ഉത്തരവാദിത്തം ഇസ്രായേലിനാണെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയുടെ അഭ്യർഥന പ്രകാരം റിയാദിൽ വിളിച്ചുകൂട്ടിയ അടിയന്തിര അറബ്-ഇസ്‌ലാമിക് സംയുക്ത ഉച്ചകോടി ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്.
ഗാസക്കെതിരെ ഇസ്രയേൽ നടത്തുന്ന ക്രൂരമായ യുദ്ധത്തെ തന്റെ രാജ്യം ആദ്യ ദിവസം തന്നെ അപലപിക്കുകയും ആളുകളെ കുടിയിറക്കുന്നതിനെ തള്ളിക്കളയുകയും ചെയ്തിട്ടുണ്ടെന്നും കിരീടാവകാശി പറഞ്ഞു. ഇസ്രയേൽ എത്രയും വേഗം സൈനികാക്രമണങ്ങൾ അവസാനിപ്പിക്കണം. ഗാസയിൽ ഏകപക്ഷീയമായ ഈ ആക്രമണം തുടരുന്നത് യുഎൻ രക്ഷാകൗൺസിലിന്റെ പരാജയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അടിയന്തര വെടിനിർത്തലും സഹായമെത്തിക്കലുമാണ് ആവശ്യപ്പെടുന്നുവെന്നും കിരീടാവകാശി പറഞ്ഞു. ഗാസയിലേക്ക് മാനുഷിക ഇടനാഴികൾ ഉടൻ തുറക്കണം. സാധാരണക്കാരായ ജനങ്ങൾക്കെതിരായ ഈ ക്രൂരതകൾക്കെല്ലാം ഉത്തരവാദി ഇസ്രായേലി അധിനിവേശകരാണെന്നും കിരീടാവകാശി കുറ്റപ്പെടുത്തി.
ഇസ്രയേൽ നടത്തുന്ന അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിൽ സുരക്ഷാ കൗൺസിലിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പരാജയം സാക്ഷ്യപ്പെടുത്തുന്ന ഒരു മാനുഷിക ദുരന്തത്തെയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നതെന്ന് അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
യുദ്ധം തടയാൻ സൗദി അക്ഷീണമായ ശ്രമങ്ങൾ നടത്തി. സൈനിക പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കാനും സാധാരണക്കാർക്ക് ആശ്വാസം പകരാനും മാനുഷിക ഇടനാഴികൾ തുറക്കാനുള്ള ആവശ്യം സൗദി അറേബ്യ ആവർത്തിക്കുന്നു. ആശുപത്രികളും സിവിലിയൻ വസ്തുക്കളും നശിപ്പിച്ച് പലസ്തീനികൾക്കെതിരായി തുടരുന്ന ക്രൂരമായ ആക്രമണത്തെ സൗദി ശക്തമായി അപലപിക്കുന്നു. ഈ ദൗർഭാഗ്യകരമായ സാഹചര്യത്തെ നേരിടാൻ ഫലപ്രദമായ നടപടിയെടുക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണ്. ഗാസയിലേക്ക് മാനുഷികവും ദുരിതാശ്വാസകരവുമായ സഹായങ്ങൾ എത്തിക്കാനും ഉപരോധം നീക്കാനും ഒരുമിച്ച് നിൽക്കാൻ കിരീടാവകാശി ആഹ്വാനം ചെയ്തു.