ഫീസ് കുടിശികയുടെ പേരില്‍ കുട്ടികളുടെ ടിസി തടയരുത് : ഹൈക്കോടതി

കൊച്ചി: അണ്‍എയ്ഡഡ് സ്‌കൂകളിന് കുട്ടികളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ അവകാശമുണ്ടെങ്കിലും കുടിശികയുടെ പേരില്‍ ടിസി തടഞ്ഞുവയ്ക്കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ മൗലികാവകാശമാണ്. ഫീസ് കുടിശികയുണ്ടെങ്കില്‍ അത് ഈടാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. കുട്ടിക്കു ദോഷകരമായ നടപടി സ്വീകരിക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് ബസന്ത് ബാലാജി വ്യക്തമാക്കി. കാഞ്ഞങ്ങാട് സദ്ഗുരു പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടിസി നിഷേധിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ടിസി നല്‍കാനും കോടതി ഉത്തരവിട്ടു.

പുതിയ പ്രിന്‍സിപ്പല്‍ ചുമതലയേറ്റ ശേഷം നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ മൂലം സ്‌കൂളില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ടിസി നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനിയുടെ മാതാവ് പ്രിന്‍സിപ്പലിനെ സമീപിച്ചെങ്കിലും 2023 -24 വര്‍ഷത്തെ 39,055 രൂപ ഫീസ് കുടിശികയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ ടിസി നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ സിബിഎസ്ഇ ഓഫിസിനും സ്‌കൂളിലെ പിടിഎയ്ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. 2022-23 അക്കാദമിക് വര്‍ഷത്തെ ഫീസ് പൂര്‍ണമായും അടച്ചിട്ടുണ്ടെന്നും കുടിശിക നല്‍കാനില്ലെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. ഫീസടച്ചതിന്റെ രേഖകളും ഹാജരാക്കി.

ന്യൂനപക്ഷ വിഭാഗത്തിലുള്‍പ്പെട്ട ഒരു ട്രസ്റ്റ് നടത്തുന്ന അണ്‍ എയ്ഡഡ് സ്‌കൂളാണ് തങ്ങളുടേതെന്നും കുട്ടികളില്‍ നിന്നുള്ള ഫീസ് ഉയോഗിച്ചാണ് അധ്യാപകരുടെ ശമ്പളമടക്കമുള്ള ചെലവുകള്‍ നടത്തുന്നതെന്നും പ്രിന്‍സിപ്പല്‍ സത്യവാങ്മൂലം നല്‍കി. ഫീസ് കുടിശിക നല്‍കാതെ ടിസി ആവശ്യപ്പെടാന്‍ കുട്ടിക്ക് കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ കുടിശികയുടെ പേരില്‍ ടിസി തടയാനാവില്ലന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Schools can not refuse Transfer certificate in the name of unpaid fees

More Stories from this section

family-dental
witywide