ലണ്ടന്‍ : സ്കൂള്‍ തുറക്കാന്‍ 3 ദിവസം ബാക്കി നില്‍ക്കെ 156 സ്കൂളുകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. സ്കൂള്‍ കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന പ്രത്യേകതരം കോണ്‍ക്രീറ്റ് (റീഇന്‍ഫോഴ്സ്ഡ് ഓട്ടോക്ളേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ്) ബലക്ഷയമുള്ളതാണ് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്. ഇതോടെ മതാപിതാക്കളും അധ്യാപകരും ആശങ്കയിലായി. ഇതോടെ കൊവിഡ് കാലത്തിന് സമാനമായ സാഹചര്യങ്ങളിലേക്ക് വീണ്ടും കുട്ടികള്‍ പോവുകയാണ്. ഇനി ഓണ്‍ലൈന്‍ ക്ളാസുകളെ ആശ്രയിക്കേണ്ടിവരും.
എന്നാല്‍ ഏതൊക്കെ സ്കൂളുകളാണ് പൊളിച്ചു പണിയേണ്ടത് എന്നതു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ വിശദാംശങ്ങള്‍ അറിയിക്കുമെന്ന് വകുപ്പ് മന്ത്രി നിക്ക് ഗിബ് പറയുന്നു. 50 സ്കൂളുകള്‍ വളരെ അപകടാവസ്ഥയിലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.
സ്കൂള്‍ അവധിക്കായി പൂട്ടിയിട്ട് രണ്ടുമാസമായിരുന്നു. തുറക്കാന്‍ ഇനി 3 ദിവസം മാത്രമേ ബാക്കിയുള്ളു. അവസാനനിമിഷം മാത്രം പ്രശ്നം കണ്ടുപിടിക്കുകയും സ്കൂള്‍ അടച്ചിടുകയും ചെയ്യുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ രോഷമുണ്ട്. ഇതു സര്‍ക്കാരിന്റെ പിടിപ്പുകേടാണ് എന്ന വലിയ ആരോപണം ഉയരുന്നുണ്ട്. അവധിക്കാലത്തിന് മുമ്പ് തീരുമാനം എടുത്തിരുന്നെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ പ്രാദേശിക കൗണ്‍സലുകള്‍ക്ക് കണ്ടെത്താനാകുമായിരുന്നു എന്ന് മാതാപിതാക്കള്‍ വിശ്വസിക്കുന്നു. കുട്ടികളുടെ പഠനം വീട്ടിലേക്ക് മാറുന്നത് മാതാപിതാക്കളുടെ ജോലിയേയും ബാധിക്കും.