രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ അനുഷ്‌ക ശര്‍മ്മയ്യും വിരാട് കോലിയും?

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നുവെന്ന് വാര്‍ത്ത. അനുഷ്‌ക ഇതിനകം രണ്ടാം ത്രിമാസത്തിലായിരിക്കാമെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. 2017ല്‍ ഇറ്റലിയില്‍ വച്ചായിരുന്നു അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും തമ്മിലുള്ള വിവാഹം. ദമ്പതികള്‍ക്ക് വാമിക എന്ന മകളുണ്ട്. 2021 ജനുവരിയിലാണ് വാമിക ജനിച്ചത്.

മുംബൈയില്‍ ഒരു പ്രോഗ്രാമിനിടെ അനുഷ്‌ക പബ്ലിക്കില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രദ്ധിച്ചതായും ഊഹാപോഹങ്ങള്‍ ഒഴിവാക്കുന്നതിനായി നടി മനപ്പൂര്‍വ്വം പൊതുജനങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നും വാര്‍ത്തകളില്‍ പറയുന്നു. സാധാരണ കോഹ്ലിക്കൊപ്പം യാത്ര ചെയ്യുകയും മാച്ചുകള്‍ സ്ഥിരമായി കാണുകയും ചെയ്യുന്നയാളാണ് അനുഷ്‌ക. എന്നാല്‍ അടുത്തിടെയായി യാത്രകളില്‍ കോഹ്ലിക്കൊപ്പവും അനുഷ്‌കയെ കാണാറില്ല. ദമ്പതികളെ അടുത്തിടെ മുംബൈയിലെ ഡെലിവറി ക്ലിനിക്കില്‍ കണ്ടതായാണ് മറ്റൊരു വാര്‍ത്ത.

തങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ഉടന്‍തന്നെ ഇതു സംബന്ധിച്ച് ഒരു പ്രഖ്യാപനം നടത്തുമെന്നും ദമ്പതികള്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതായാണ് വിവരം. വാമികയുടെ കാര്യത്തില്‍ ദമ്പതികള്‍ വളരെയധികം ശ്രദ്ധാലുക്കളായിരുന്നു. കുട്ടിയെ പൊതുസ്ഥലത്ത് കൊണ്ടു വരാതിരിക്കാനും അവളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാതിരിക്കാനും ഇരുവരും ശ്രദ്ധിക്കാറുണ്ട്. ഞങ്ങളുടെ കുട്ടിയെ സോഷ്യല്‍ മീഡിയയില്‍ തുറന്നുകാട്ടരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അവള്‍ക്ക് അതിനുള്ള പ്രായമാകുമ്പോള്‍ അക്കാര്യത്തില്‍ അവള്‍ സ്വയം തീരുമാനമെടുക്കുമെന്നുമായിരുന്നു ഇതിനെക്കുറിച്ച് കോഹ്ലി മുന്‍പ് പറഞ്ഞിരുന്നത്.

അനുഷ്‌ക ശര്‍മ്മ തന്റെ ഏറ്റവും പുതിയ ചിത്രമായ ചക്ദാ എക്സ്പ്രസിന്റെ ഷൂട്ടിംഗ് അല്‍പ്പം മുമ്പാണ് പൂര്‍ത്തിയാക്കിയത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമിയായാണ് അവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ചും മകളെക്കുറിച്ചുമെല്ലാം അനുഷ്‌ക സംസാരിച്ചിരുന്നു. മാതൃത്വം തന്നെ ആന്തരികമായി കൂടുതല്‍ ആത്മവിശ്വാസമുള്ള വ്യക്തിയാക്കിയെന്നായിരുന്നു അനുഷ്‌ക പറഞ്ഞത്.