
ന്യൂഡല്‍ഹി: ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഉള്‍പ്പെടെയുള്ള ചില സിഖ് വിഘടനവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ന്യൂഡല്‍ഹി ഏപ്രിലില്‍ ഒരു ‘രഹസ്യ മെമ്മോ’ പുറപ്പെടുവിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ട് ‘വ്യാജവും’ ‘പൂര്‍ണ്ണമായി കെട്ടിച്ചമച്ചതും’ എന്ന് ഇന്നലെ രാത്രി ഇന്ത്യ വിശേഷിപ്പിച്ചു. നിജ്ജാറിന്റെ കൊലപാതകത്തില്‍ തങ്ങളുടെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തെ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു
ഇന്ത്യയ്ക്കെതിരായ ‘സുസ്ഥിരമായ തെറ്റായ വിവര പ്രചാരണത്തിന്റെ’ ഭാഗമാണ് റിപ്പോര്‍ട്ട്, പാക് ഇന്റലിജന്‍സ് പ്രചരിപ്പിക്കുന്ന ‘വ്യാജ വിവരണങ്ങള്‍’ പ്രചരിപ്പിക്കുന്നതിന് പേരുകേട്ട വാര്‍ത്താ ഓണ്‍ലൈനാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഓണ്‍ലൈന്‍ അമേരിക്കന്‍ മാധ്യമമായ ദി ഇന്റര്‍സെപ്റ്റ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
‘അത്തരം റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്നും ഞങ്ങള്‍ ശക്തമായി ഉറപ്പിക്കുന്നു. അങ്ങനെയൊരു മെമ്മോ ഇല്ലെന്നും ബാഗ്ചി പറഞ്ഞു.