ലണ്ടന്‍: ഇംഗ്ളണ്ടില്‍ ആശുപത്രിയിലെ തിവ്രപരിചരണ വിഭാഗത്തിലെ നവജാതശിശുക്കളെ ക്രൂരമായി കൊലപ്പെടുത്തിയ നഴ്സ് ലൂസി ലെറ്റ്ബിക്ക് (33) ജീവിതകാലം മുഴുവന്‍ കോടതി തടവുശിക്ഷ വിധിച്ചു. 7 കുഞ്ഞുങ്ങളെ കൊല്ലുകയും 6 കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. ലെറ്റ്ബിക്ക് ഒരിക്കലും പരോള്‍ നല്‍കരുതെന്നും കോടതി ഉത്തരവിട്ടു. കൗണ്ട്സ് ചെസ്റ്റര്‍ ആശുപത്രിയില്‍ 2015 – 16 കാലത്തു നടന്ന സംഭവപരമ്പരയില്‍ 10 മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് വിധി. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരയായ പരമ്പര കൊലയാളിയാണ് ലൂസിയെന്ന് കോടതി നിരീക്ഷിച്ചു. ഇത്ര ക്രൂരവും നിഷ്ഠൂരമായും ശിശുഹത്യകള്‍ നടത്തിയിട്ടും വിചാരണയുടെ ഒരു ഘട്ടത്തിലും പ്രതി കുറ്റബോധം പ്രകടമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കുഞ്ഞുങ്ങളുടെ തീവ്രപരിചരണ വിഭാഗത്തില്‍ നഴ്സായിരുന്ന ലൂസി ഇന്‍സുലിനും വായുവും കുത്തിവച്ചും അമിതമായി പാലു കൊടുത്തും കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയായിരുന്നു. ലൂസിയുടെ പ്രവൃത്തികളില്‍ സംശയം തോന്നിയ ഇന്ത്യന്‍ വംശജനായ ഡോ. രവി ജയറാം അക്കാലത്ത് പരാതി നല്‍കിയിരുന്നെങ്കിലും നഴ്സിനെ ജോലിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു. തന്റെ പരാതി അന്ന് ഗൗരവമായി പരിഗണിച്ചിരുന്നെങ്കില്‍ ഇത്രയും കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമാവില്ലായിരുന്നു എന്ന് ഡോ. രവി പറഞ്ഞു.