ജവാന്‍ നാളെ വരുന്നു,ആദ്യ ദിനം തന്നെ 100 കോടി കടക്കുമെന്ന് പ്രതീക്ഷ

മുംബൈ: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ നാളെ തിയേറ്ററുകളിലേക്ക്. റെക്കോർഡ് അഡ്വാൻസ് ബുക്കിങ്ങുമായാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. രാവിലെ 6 മുതലാണ് ഷോ .

300 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ലോകമെമ്പാടും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ 4500 ഓളം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ആദ്യ ദിവസം തന്നെ ജവാന്‍ 100 കോടി കടക്കുമെന്ന വിലയിരുത്തലിലാണ് സിനിമ ലോകം.

വിദേശത്ത് നിന്ന് 40 കോടിയും ഇന്ത്യയില്‍ നിന്ന് 60 കോടിയും ആദ്യ ദിവസം തന്നെ ചിത്രത്തിന് നേടാന്‍ സാധിക്കുമെന്ന് സിനിമാ നിര്‍മ്മാതാവും ട്രേഡ് എക്‌സ്‌പേര്‍ട്ടുമായ ഗിരീഷ് ജോഹര്‍ പറയുന്നു. റിലീസിന് ശേഷം പ്രേക്ഷക പ്രതികരണം അനുസരിച്ച് സിനിമയ്ക്കായി കൂടുതല്‍ ഷോകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്

തമിഴ് സംവിധായകൻ അറ്റ്ലിയുടെ ആദ്യ ഹിന്ദി ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്. ഷാരൂഖിൻ്റെ ഉടനസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമ്മിക്കുന്നത്. നയന്‍താരയാണ് നായികപ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് താരങ്ങൾ. അതിഥി വേഷത്തിൽ ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അനിരുദ്ധാണ് സംഗീതം.

ഭാര്യ ഗൗരി ഖാനും മകൾ സുഹാനയ്ക്കുമൊപ്പം തിരുപ്പതി ക്ഷേത്രത്തിലെത്തിയ ഷാരൂഖിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.  നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും ഷാരൂഖിനൊപ്പം ദർശനത്തിന് എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഷാരൂഖ് ഖാന്‍ ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു

More Stories from this section

family-dental
witywide