ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിധിയിൽ പ്രതികരിച്ച് നടൻ ഷെയ്ൻ നിഗം. വധശിക്ഷയിൽ കുറഞ്ഞതൊന്നും ആ നീചൻ അർഹിച്ചിരുന്നില്ലെന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചു.
മകള്‍ക്ക് നീതി ലഭിച്ചുവെന്നായിരുന്നു ശിക്ഷ വിധിച്ചതിനു ശേഷം പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചത്. സർക്കാർ, പൊലീസ്, കേരളത്തിലെ ജനങ്ങൾ എല്ലാവരും ഒപ്പം നിന്നുവെന്നും എല്ലാവർക്കും നന്ദിയെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.
ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയിരുന്നത്. ഹൈക്കോടതി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക.