ശരദ് പവാര്‍ ബിജെപിയിലേക്ക് ? അഭ്യൂഹങ്ങള്‍ ശക്തം

മുംബൈ: എന്‍സിപി പിളര്‍ത്തി ബിജെപിക്ക് ഒപ്പം ചേര്‍ന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറുമായുള്ള ശരദ് പവാറിന്റെ രഹസ്യ കൂടിക്കാഴ്ച പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടു. ശരദ് പവാര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് രാഷ്ട്രീയ ഇടനാഴികളിലെ പുതിയ സംസാരം. പവാറിന്റെ ഈ നീക്കത്തില്‍ മഹാവികാസ് അഘാഡി അതൃപ്തി അറിയിച്ചു കഴിഞ്ഞു. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍സിപിയെ കൂടാതെ മല്‍സരിക്കാന്‍ കോണ്‍ഗ്രസ്, ശിവസേന കക്ഷികള്‍ തീരുമാനിച്ചതായാണ് പുറത്തു വരുന്ന വിവരം.

പവാറിന്റെ നീക്കങ്ങള്‍ തങ്ങളെ അലട്ടുന്നുണ്ടെന്നും അജിത് പവാറുമായുള്ള കൂടിക്കാഴ്ചകള്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മഹാരാഷട്ര പിസിസി അധ്യക്ഷന്‍ നാനാ പട്ടോളെ പറഞ്ഞു.

ബിജെപിയുമായി കൈക്കോര്‍ക്കില്ലെന്ന് പിതാവ് വ്യക്തമാക്കിയിട്ടുള്ളതാണ്. ആരും ആശങ്കപ്പെടേണ്ടതില്ല – ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ വ്യക്തമാക്കി.

ശരദ് പവാറിനെ എന്‍ഡിഎയുടെ ഭാഗമാക്കാനായി കേന്ദ്രമന്ത്രി സ്ഥാനവും നീതി ആയോഗ് അധ്യക്ഷ സ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍, സുപ്രിയ സുലെ എന്നിവര്‍ക്കും സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

അജിതുമായി കൂടിക്കാഴ്ച നടന്നു എന്നത് സത്യമാണെന്നും എന്നാല്‍ തനിക്ക് ഒരുവിധ രാഷ്ട്രീയ വാഗ്ദാനങ്ങളും ലഭിച്ചിട്ടില്ലെന്നും ശരദ് പവാര്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി