മുംബൈ: രണ്ട് ദിവസം മുമ്പ് ഡ്രോൺ ആക്രമണത്തിന് ഇരയായ വ്യാപാരക്കപ്പൽ എംവി കെം പ്ലൂട്ടോ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സംരക്ഷണയിൽ മുംബൈ തുറമുഖത്ത് എത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ കപ്പലിലുള്ള ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റും. പിന്നീട് എംവി കെം പ്ലൂട്ടോ ബെംഗളൂരുവിലേക്ക് യാത്ര തുടരും.
മംഗളൂരുവിലേക്ക് അസംസ്കൃത എണ്ണയുമായി വരുകയായിരുന്ന ഇസ്രായേൽ ബന്ധമുള്ള ചരക്കു കപ്പലിനുനേരെ കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഗുജറാത്തിലെ പോർബന്തർ തീരത്തുനിന്ന് 217 നോട്ടിക്കൽ മൈൽ അകലെവെച്ചായിരുന്നു ആക്രമണം. ഡ്രോൺ പതിച്ചതിനെ തുടർന്ന് വൻ സ്ഫോടനമുണ്ടായി. തീയണച്ചെങ്കിലും കപ്പലിന്റെ പ്രവർത്തനം നിലച്ചിരുന്നു.
ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഇറാനിൽ നിന്ന് ലോഞ്ച് ചെയ്ത ഡ്രോണാണ് ആക്രമണം നടത്തിയതെന്ന് ശനിയാഴ്ച പെന്‍റഗൺ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇറാൻ പ്രതികരിച്ചു.
20 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ എം.വി. റൂയൻ എന്ന ചരക്കു കപ്പലിൽനിന്ന് പരിക്കേറ്റ ജീവനക്കാരനെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി ദിവസങ്ങൾക്കകമാണ് ഈ ഡ്രോൺ ആക്രമണം ഉണ്ടായത്.