എണ്‍പത് സീനുകള്‍ കൊണ്ട് ഒരു സിനിമയെ ചുമലിലേറ്റുന്ന നായകനടനായ തന്റെ സിനിമാ ജീവിതം മാറ്റിമറിക്കുന്ന അനുഭവമാണ് ജയിലറിലെ എട്ടു മിനുട്ട് മാത്രമുള്ള വേഷം നല്‍കിയതെന്ന് നടന്‍ ശിവരാജ്കുമാര്‍. ജയിലറില്‍ എട്ട് മിനിറ്റ് കൊണ്ട് സ്‌ക്രീനില്‍ എന്ത് അദ്ഭുതമാണ് നടന്നതെന്ന് തനിക്കിപ്പോഴും മനസ്സിലായിട്ടില്ലെന്നും ശിവരാജ്കുമാര്‍ പറഞ്ഞു.
ആളുകള്‍ തന്നെ വിക്രമിലെ റോളക്സിനോടാണ് താരതമ്യം ചെയ്യുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്നറിയില്ല. അത് പുതിയ അനുഭവമായിരുന്നുവെന്നും ശിവരാജ്കുമാര്‍ പറഞ്ഞു. ‘ഗോസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ശിവരാജ് കുമാര്‍ മനസ്സുതുറന്നത്. എവിടെ ചെല്ലുമ്പോഴും ആളുകളിപ്പോള്‍ നരസിംഹ എന്നാണ് വിളിക്കുന്നത്. വെറും എട്ട് മിനിറ്റ് മാത്രമുള്ള ഒരു റോള്‍ ആരുടെയെങ്കിലും ജീവിതം ഇതുപോലെ മാറ്റിമറിച്ചിട്ടുണ്ടാവുമോ എന്നറിയില്ലെന്നും ശിവരാജ് കുമാര്‍ പറയുന്നു.
ജയിലറിലെ കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യതകണ്ട് ഭാര്യ പോലും അത്ഭുതപ്പെട്ടു. ഇതെന്താണ് നടക്കുന്നതെന്ന് ഭാര്യ ചോദിച്ചു. ചെന്നൈ, ഹൈദരാബാദ്, യു.എസ്, ദുബായ് തുടങ്ങി എവിടെ പോയാലും ജയിലറിന്റെ പേരുപറഞ്ഞാണ് ആളുകള്‍ എന്നെ സമീപിക്കുന്നത്. അടുത്തിടെ ഒരു ഹോട്ടലില്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന നാന്നൂറോളം തമിഴ്‌നാട്ടുകാര്‍ അടുത്തു വന്ന് സെല്‍ഫിയെടുത്തുവെന്നും ശിവരാജ് കുമാര്‍ പറഞ്ഞു.