
ഭോപ്പാൽ: സ്ഥാനമൊഴിയുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വീട്ടിലെത്തി പൊട്ടിക്കരഞ്ഞ് വനിതാ അണികൾ. മുഖ്യമന്ത്രി സ്ഥാനം കൈവിടരുതെന്നാണ് ചൗഹാനോട് സ്ത്രീകളുടെ അഭ്യർഥന. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. “ഞങ്ങൾ നിങ്ങളെ സ്‌നേഹിച്ചു, അതിനാല്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് വോട്ടുചെയ്തു,” എന്നായിരുന്നു കൂട്ടത്തിലെ മറ്റൊരു സ്ത്രീ പറഞ്ഞത്.
“ഞാൻ എവിടെയും പോകുന്നില്ല,” എന്നു പറഞ്ഞ് ശിവരാജ് സിംഗ് ചൗഹാൻ സ്ത്രീകളെ ആശ്വസിപ്പിക്കുന്നതായും എഎൻഐ പുറത്തുവിട്ട വീഡിയോയിൽ കാണാം.
മധ്യപ്രദേശില്‍ ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ആളാണ് ശിവ്‌രാജ് സിങ് ചൗഹാന്‍. നാലുതവണകളിലായി 16 വര്‍ഷവും അഞ്ച് മാസവും നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ ഭരണം. വനിതകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ലഡ്ലി ബഹ്ന യോജന എന്ന പദ്ധതി ചൗഹാനായിരുന്നു മധ്യപ്രദേശില്‍ അവതരിപ്പിച്ചത്. 1000 രൂപയായിരുന്ന സഹായം ഓഗസ്റ്റില്‍ 1250 ആക്കി ഉയര്‍ത്തി.
മോഹന്‍ യാദവാണ് മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി. ദിവസങ്ങള്‍നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവിലായിരുന്നു ഉജ്ജയിന്‍ സൗത്ത് മണ്ഡലത്തില്‍നിന്നുള്ള യാദവിനെ മുഖ്യമന്ത്രിയായി ബി.ജെ.പി നിയമസഭാ കക്ഷിയോഗം തിരഞ്ഞെടുത്തത്. ശിവ്‌രാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രിപദം രാജിവെച്ച നരേന്ദ്രസിങ് തോമര്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗിയ തുടങ്ങിയ പ്രബല നേതാക്കളെ മറികടന്നാണ് യാദവിന് നറുക്ക് വീണത്.