ഗാസ: യുഎൻ പ്രമേയത്തിൽ നിന്നും ഇന്ത്യ വിട്ടുനിന്നത് നാണക്കേടെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎന്നിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യൻ നടപടിയെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംഭവം ഞെട്ടിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് പ്രിയങ്ക പ്രതികരിച്ചു. കണ്ണിന് പകരം കണ്ണ് എന്ന രീതിയിൽ മുന്നോട്ട് പോയാൽ അത് ലോകത്തെ മുഴുവൻ അന്ധരാക്കുമെന്ന മഹാത്മ ഗാന്ധിയുടെ വാക്കുകൾ പരാമർശിച്ചാണ് പ്രിയങ്കയുടെ വിമർശനം.

“ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള ​പ്രമേയത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നടപടി അപമാനകരവും ഞെട്ടിക്കുന്നതാണ്. അഹിംസയുടെയും സത്യത്തിന്റേയും തത്വങ്ങളിൽ ഊന്നിയാണ് നമ്മുടെ രാജ്യം സൃഷ്ടിക്കപ്പെട്ടത്. ജീവിതത്തിൽ മുഴുവൻ ഈ തത്വങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമരസേനാനികൾ മാതൃകയാക്കിയിരുന്നു. ഇന്ത്യയുടെ ധാർമിക ശക്തിയെയാണ് അവർ പ്രതിനിധാനം ചെയ്തിരുന്നത്.”

എന്നാൽ, എല്ലാ മാനുഷിക നിയമങ്ങളും ലംഘിച്ച് ലസ്തീനിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും വൈദ്യുതിയും നിഷേധിക്കപ്പെടുമ്പോൾ ആ വിഷയത്തിൽ ഇന്ത്യ ഒരു നിലപാടെടുക്കാതിരിക്കുന്നത് രാഷ്ട്രമെന്ന നിലയിൽ അത് നേടിയ എല്ലാ പുരോഗതികൾക്കും എതിരാണെന്നും ​പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നതിനിടെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്നിൽ കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. 45 അംഗങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്. എന്നാൽ, യുഎൻ ജനറൽ അസംബ്ലിയിൽ 120 വോട്ടുകൾക്ക് പ്രമേയം പാസായി. യുഎസും ഇസ്രായേലും ഉൾപ്പെടെ 14 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു.

More Stories from this section

family-dental
witywide