“മനസ്സാക്ഷിയെ ഞെട്ടിക്കണം”: മുസാഫർ നഗറിലെ സ്കൂളിൽ മുസ്ലീം ബാലന്റെ കരണത്തടിച്ച സംഭവത്തില്‍ സുപ്രീം കോടതി, എഫ്ഐആറില്‍ അതൃപ്തി

ന്യൂഡൽഹി: മുസാഫർ നഗറിലെ സ്കൂളിൽ ഏഴ് വയസുകാരനായ മുസ്ലീം ബാലനെ അധ്യാപിക ക്ലാസിലെ മറ്റ് കുട്ടികളെക്കൊണ്ട് കരണത്തടിപ്പിച്ച സംഭവത്തിൽ സുപ്രീം കോടതി ഇടപെടൽ. ആരോപണങ്ങൾ ശരിയാണെങ്കിൽ അത് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കേണ്ടതാണെന്ന് സുപ്രീം കോടതി പറഞ്ഞു. കേസിൽ അന്വേഷണം നിരീക്ഷിക്കാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

സംഭവം ഗൗരവമേറിയതും ആശങ്കാജനകവുമാണെന്ന് വിശേഷിപ്പിച്ച കോടതി ഇത് ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്നമാണെന്ന് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ഈ വർഷം ആദ്യം വൈറലായത് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇരയ്ക്കും സംഭവത്തിൽ ഉൾപ്പെട്ട മറ്റ് വിദ്യാർത്ഥികൾക്കും പ്രൊഫഷണൽ കൗൺസിലർമാരെക്കൊണ്ട് കൗൺസിലിംഗ് നടത്താൻ കോടതി യുപി സർക്കാരിനോട് നിർദ്ദേശിച്ചു.

വിഷയം ഒക്ടോബർ 30-ലേക്ക് മാറ്റിവെച്ച സുപ്രീം കോടതി, വിദ്യാർത്ഥികളുടെ കൗൺസിലിംഗിന് ശേഷം റിപ്പോർട്ട് സമർപ്പിക്കാനും ഇരയായ കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഉത്തർപ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചു.

കുട്ടിയുടെ പിതാവ് ഉന്നയിക്കുന്ന ആരോപണങ്ങളില്ലാത്ത എഫ്‌ഐആറിന്റെ ഉള്ളടക്കത്തെക്കുറിച്ചും സുപ്രീം കോടതി ഗുരുതരമായ എതിർപ്പ് രേഖപ്പെടുത്തി. മതത്തിന്റെ പേരിലാണ് മകനെ മർദിച്ചതെന്ന് പിതാവ് മൊഴി നൽകിയിരുന്നെങ്കിലും എഫ്‌ഐആറിൽ അത് പരാമർശിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ യുപി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിതെന്നും കോടതി പറഞ്ഞു.

More Stories from this section

family-dental
witywide