ന്യൂയോർക്ക്: കാലിഫോർണിയയില്‍ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. കാലിഫോർണിയ റോസ്‌വില്ലെയിലെ മാളിലെ പാർക്കിംഗ് ഗാരേജിൽവെച്ചായിരുന്നു കൊലപാതകം. 34 കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 29 കാരനായ സിമ്രൻജിത് സിംഗ് അറസ്റ്റിലായതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
റോസ്‌വില്ലെ പൊലീസിന്റെ റിപ്പോർട്ടുപ്രകാരം, ശനിയാഴ്ച രാവിലെ ഇരുവരും ഒരുമിച്ചാണ് മാളില്‍ എത്തിയത്. പാർക്കിംഗ് ഗാരേജിന്റെ മൂന്നാം നിലയിൽവെച്ച് പ്രതി യുവതിയെ വെടിവച്ചു കൊലപ്പെടുത്തി. തുടർന്ന് തോക്ക് ഗാരേജിൽ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. എന്നാല്‍, മണിക്കൂറുകള്‍ക്കകം തന്നെ മാളിന് എതിർവശത്തുള്ള ഒരു കടയുടെ സമീപത്തുനിന്ന് പ്രതിയെ പൊലീസ് പിടികൂടി.
കൊലപാതകത്തിന് ശേഷം, മാളിന് സമീപത്തെ കടയിലെത്തിയ പ്രതി പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിച്ചു. രക്തക്കറ പതിഞ്ഞ ഷർട്ട് ഷോപ്പിംഗ് ബാഗിലിട്ട് പുറത്ത് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ മേഖല ലോക്ക്ഡൗണിലായിരുന്നതിനാല്‍ രക്ഷപ്പെടാനുള്ള ശ്രമം വിജയിച്ചില്ല. ഇതേ സമയം, ദൃക്സാക്ഷി വിവരണങ്ങളനുസരിച്ച് പ്രതിയെ അവസാനമായി കണ്ട സ്ഥലങ്ങളിലും മറ്റും അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചില്‍ നടത്തിവരികയായിരുന്നു.
ദൃക്‌സാക്ഷികളെ ചോദ്യം ചെയ്തതിന് പുറമെ, മാളില്‍ നിന്നും ഗാരേജില്‍ നിന്നുമുള്ള സുരക്ഷാക്യാമറകളിലെ ദൃശ്യങ്ങളും പ്രതിക്കെതിരായ ശക്തമായ തെളിവുകളാണെന്ന് റോസ്‌വില്ലെ പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ലെഫ്റ്റനന്റ് ക്രിസ് സിയാമ്പ അറിയിച്ചു.