ഗാസയിലുള്ള ഇന്ത്യക്കാരെ ഇപ്പോൾ നാട്ടിലെത്തിക്കാനാവില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഗാസയിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നിലവില്‍ സാഹചര്യം അനുകൂലമല്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. അവസരം ലഭിച്ചാൽ ഉടൻ ഒഴിപ്പിക്കല്‍ നടപടി സാധ്യമാക്കുമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. നാല് ഇന്ത്യക്കാരാണ് ഗാസയിലുള്ളത്, ഒരാള്‍ വെസ്റ്റ് ബാങ്കിലും. ഗാസയിലുള്ള പൗരന്മാരാരും കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തതായി വിവരമില്ലെന്നും അരിന്ദം കൂട്ടിച്ചേർത്തു.

ഇസ്രയേലിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അരിന്ദം വ്യക്തമാക്കി. ദക്ഷിണ ഇസ്രയേലിലെ ആഷ്കലോണില്‍ കെയർഗീവറായി ജോലി ചെയ്യുന്ന ഇന്ത്യന്‍ സ്വദേശിക്ക് ഒക്ടോബർ ഏഴാം തീയതി ഹമാസിന്റെ ആക്രമണത്തില്‍ പരുക്കേറ്റതായും അരിന്ദം അറിയിച്ചു.ഇസ്രയേലില്‍ നിന്ന് ഇതുവരെ 1,200 പേരെയാണ് ഇന്ത്യ നാട്ടില്‍ തിരിച്ചെത്തിച്ചത്. ഇതില്‍ 18 നേപ്പാള്‍ സ്വദേശികളും ഉള്‍പ്പെടുന്നു.

സാധാരണക്കാർ കൊല്ലപ്പെട്ടതില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുള്ളതായും അരിന്ദം പറഞ്ഞു. ഗാസയിലെ ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തില്‍ 500 പേർ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കവെയാണ് വിദേശകാര്യമന്ത്രാലയം വക്താവിന്റെ പ്രതികരണം.

”നിങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് കണ്ടിട്ടുണ്ടാകും. സാധരണക്കാരുടെ മരണത്തില്‍ പ്രധാനമന്ത്രി ആശങ്ക അറിയിച്ചിട്ടുണ്ട്. എല്ലാത്തരം ആക്രമണങ്ങളേയും ഇന്ത്യ അപലപിക്കുന്നു. പലസ്തീന്‍ – ഇസ്രയേല്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള നേരിട്ടുള്ള ചർച്ചകള്‍ക്ക് അനുകൂലമായ നിലപാട് ഞങ്ങള്‍ ആവർത്തിച്ചിട്ടുണ്ട്”- അരിന്ദം പറഞ്ഞു. ഭീകരാക്രമണത്തെ തടയുന്നതിനായി അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നില്‍ക്കണമെന്നും അരിന്ദം ആവശ്യപ്പെട്ടു.

situation in Gaza tense, evacuation of Indian Nationals difficult says India

More Stories from this section

family-dental
witywide