കഴിഞ്ഞ ദിവസമാണ് സിനിമ- സീരിയല്‍ താരം മീനടം കുറിയന്നൂര്‍ വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ വിനോദ് തോമസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ച്ചയായി കാറിനുള്ളിലെ എസി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
വിനോദ് തോമസിന്റെ മരണത്തിനു പിന്നാലെ കാറിലെ എസി ഇത്ര അപകടമാണോ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. അപൂര്‍വമായാണ് ഇത്തരം അപകടങ്ങള്‍ നടക്കുന്നതെങ്കിലും പലപ്പോഴും മരണം വരെ സംഭവിക്കാവുന്ന വലിയൊരു അപകടമാണിത്. പെട്രോള്‍, ഡീസലിന്റെ പൂര്‍ണ ജ്വലനം നടന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാല്‍ അപൂര്‍ണമായ ജ്വലനം നടക്കുമ്പോള്‍, അതായത് ജ്വലനത്തിനായി ആവശ്യമായ ഓക്‌സിജന്റെ അഭാവത്തില്‍ ചെറിയ അളവില്‍ കാര്‍ബണ്‍ മോണോ ഓക്സൈഡ് ഉണ്ടാവാനും സാധ്യത ഉണ്ട്.
ഇത് എക്‌സ്‌ഹോസ്റ്റ് പൈപ്പില്‍ ഘടിപ്പിച്ച ‘ക്യാറ്റലിറ്റിക്ക് കോണ്‍വെര്‍ട്ടര്‍’ എന്ന സംവിധാനം വച്ച് വിഷം അല്ലാത്ത കാര്‍ബര്‍ ഡൈ ഓക്‌സൈഡ് ആക്കി മറ്റും. സാധാരണ ഗതിയില്‍ കാറുകളില്‍ ഇത് യാതൊരു പ്രശ്‌നവും ഉണ്ടാക്കാറില്ല. എങ്കിലും ഏതെങ്കിലും കാരണം കൊണ്ട് ഈ പുക അകത്തു കയറിയാല്‍ അപകടമാണ്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ പുറത്തു നിന്നുള്ള വായൂ പ്രവാഹം കൊണ്ട് ഇത് അതില്‍ നല്ലൊരു ഭാഗം ലയിച്ചു പോകും. പക്ഷെ, നിര്‍ത്തിയ വാഹനത്തില്‍ ഇത് ദ്വാരങ്ങളില്‍ കൂടി അകത്തേയ്ക്ക് കടക്കാം. ഇത് കുറെ സമയം ശ്വസിച്ചാല്‍ മരണം സംഭവിക്കാം.
കാറിനകത്ത് ‘എസി’ യില്‍ ഉറങ്ങിപ്പോകുന്ന പലര്‍ക്കും കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം മനസിലാകണമെന്നില്ല. ഈ ‘പുക’ ഏറെ നേരം ശ്വസിച്ചാല്‍, അതു രക്തത്തിലെ ഓക്‌സിജന്റെ അളവു കുറച്ച് മരണത്തിനു വരെ കാരണമായിത്തീരുന്നു. എയര്‍ കണ്ടിഷന്‍ ഓണാണെങ്കിലും വായുസഞ്ചാരം ശരിയായി നടക്കാത്തതിനാല്‍ കാറിനുള്ളിലെ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവു കൂടുന്നു.
കാര്‍ബണ്‍ മോണോക്‌സൈഡിന് ഏതാനും മിനിറ്റു മതി ശരീരത്തെ മരണാസന്നമാക്കാന്‍. ശ്വസിക്കുന്ന ഓക്‌സിജനൊപ്പം അകത്തേക്ക് കയറുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വളരെ വേഗം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമെത്തും. കാറില്‍ എസിയില്‍ അധിക സമയം ഇരിക്കുമ്പോള്‍ ശ്വാസതടസ്സം, ഛര്‍ദി, തലകറക്കം, ക്ഷീണം, മന്ദത എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ ഉറപ്പാക്കണം.