ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചാന്ദ്രയാൻ- 3ന്റെ റോവർ പകർത്തിയ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. വിക്രം ലാൻഡറിന്റെ ചിത്രമാണ് ഇത്തവണ പ്രഗ്യാൻ റോവർ പകർത്തിയത്. റോവറിലെ നാവിഗേഷൻ ക്യാമറയാണ് ചിത്രം പകർത്തിയത്.
ചന്ദ്രോപരിതലത്തിലെ വിവരങ്ങൾ ശേഖരിക്കുന്ന ChaSTE, ILSA എന്നീ പേലോഡുകൾ വ്യക്തമായി ചിത്രത്തിൽ കാണാം. ഈ പേലോഡുകൾ ശേഖരിച്ച ചന്ദ്രോപരിതലത്തിലെ താപനിലയെക്കുറിച്ചുള്ള വിവരങ്ങൾ നിർണായക വിവരങ്ങളായിരുന്നു. ചന്ദ്രന്‍റെ മേൽമണ്ണിൽ വലിയ താപവ്യത്യാസമുണ്ടെന്നാണ് എട്ട് സെന്‍റീമീറ്റർ വരെ ആഴത്തിൽ പഠനം നടത്തിയ പ്രോബ് കണ്ടെത്തിയത്.
വിവിധ ആഴങ്ങളിൽ പഠനം നടത്തിയതിൽ നിന്ന് നിർണായക വിവരങ്ങളാണ് ലഭിച്ചത്. ചന്ദ്രോപരിതലത്തിൽ 50 ഡിഗ്രി സെൽഷ്യസാണ് താപനില. ഓരോ സെന്‍റിമീറ്റർ ആഴത്തിലും താപനില കുറഞ്ഞ് എട്ട് സെന്റീമീറ്റർ ആഴത്തിലെത്തുമ്പോൾ മൈനസ് പത്ത് ഡിഗ്രി സെൽഷ്യസാണ് താപനില. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ താപനില സംബന്ധിച്ച് ആദ്യമായാണ് പഠനം നടത്തുന്നത്.
ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും ചന്ദ്രനിലെ അന്തരീക്ഷം സംബന്ധിച്ചും ദൗത്യം പഠനം നടത്തും. റോവറിലെ സ്പെക്ട്രോസ്കോപി ഉപയോഗിച്ച് ഏതൊക്കെ തരം മൂലകങ്ങൾ ഉണ്ടെന്നും കണ്ടെത്തും.
റോവർ പകർത്തിയ ചന്ദ്രോപരിതലത്തിലെ ചിത്രങ്ങൾ മുൻപും ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ഉപരിതലത്തിൽ റോവർ സഞ്ചരിച്ച പാടുകളുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടത്. ദക്ഷിണധ്രുവത്തിലെ സമതല പ്രദേശം വ്യക്തമായി ചിത്രങ്ങളിൽ കാണാം. പുതിയപാതയിലാണ് റോവർ സഞ്ചരിക്കുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു. സഞ്ചാരപാതയിൽ വലിയ ഗർത്തമുള്ളതിനാലാണ് റോവർ വഴിമാറി സഞ്ചരിക്കുന്നത്.