എസ്എന്‍എംസി വാഷിങ്‌ടൻ ഗുരുജയന്തിയും ഓണാഘോഷവും വർണ്ണാഭമായി

വാഷിങ്ടൺ: വാഷിങ്‌ടനിലെ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്‍റർ, 169 -മത് ഗുരുദേവ ജയന്തിയും, ഈ വർഷത്തെ ഓണവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമുചിതമായി ആഘോഷിച്ചു. വെർജീനിയയിലെ ദുർഗ്ഗ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകളിൽ, ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠൻ സ്വാമി ശ്രീമദ് ശങ്കരാനന്ദ മുഖ്യാതിഥി ആയിരുന്നു. മിനി അനിരുദ്ധൻ ഭക്തിനിർഭരമായി ആലപിച്ച ദൈവദശകം പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച പരിപാടികൾ ശ്രീമദ് ശങ്കരാനന്ദയുടെ പ്രഭാഷണം, കുടുംബാംഗങ്ങൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിര, മറ്റു കലാപരിപാടികൾ, ഓണക്കളികൾ എന്നിവ കൊണ്ട് സദസ്സിന് വേറിട്ട ഒരു അനുഭവം സമ്മാനിച്ചു.

വെർജീനിയ, മേരിലാൻഡ്, വാഷിങ്‌ടനിലെ ശ്രീനാരായണ കുടുംബാംഗങ്ങളും, വിവിധ സംഘടനാ ഭാരവാഹികളും, പൗരപ്രമുഖരും ചടങ്ങുകളിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം സ്കൂൾ കോളേജ് തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. എസ്എൻഎംസി പ്രസിഡന്റ് മധുരം ശിവരാജൻ സ്വാഗതവും, സെക്രട്ടറി സരൂപ അനിൽ നന്ദിയും രേഖപ്പെടുത്തി. മുൻ പ്രസിഡന്റ് ബിന്ദു സന്ദീപ് കാര്യപരിപാടികളുടെ അവതാരക ആയിരുന്നു.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം നടന്ന വർണശബളമായ ഘോഷയാത്ര ചടങ്ങിന് മോടി കൂട്ടി. ഈ വർഷത്തെ യൂത്ത് പ്രസിഡന്റ് മാസ്റ്റർ കാർത്തിക് ജയരാജ് ഡിസൈൻ ചെയ്ത അതിമനോഹരമായ അത്തപ്പൂക്കളം അതിഥികളുടെ പ്രത്യേക ശ്രദ്ധ ആകർഷിച്ചു.