‘ഇത് മനുഷ്യരുടെ പ്രശ്‌നമാണ്, മുസ്ലിങ്ങളുടെയല്ല’; പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന മുസ്ലിം ലീഗ് റാലിയില്‍ ശശി തരൂര്‍

കോഴിക്കോട്: എത്ര കുഞ്ഞുങ്ങളുടെ രക്തത്തില്‍ വാള്‍മുങ്ങിയാലാണ് ഈ യുദ്ധം അവസാനിക്കുകയെന്ന് ശശി തരൂര്‍. പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് നടക്കുന്ന ലീഗിന്റെ റാലിയില്‍ സംസാരിക്കുകയായിരുന്നു തരൂര്‍. മുസ്ലിങ്ങളുടെ മാത്രം പ്രശ്‌നമായത് കൊണ്ടാണ് മുസ്ലിം ലീഗ് ഈ റാലി സംഘടിപ്പിച്ചതെന്ന് ആരും വിചാരിക്കരുതെന്നും ഇത് മനുഷ്യരുടെ പ്രശ്‌നമാണെന്നും ശശി തരൂര്‍ പറഞ്ഞു.

മുസ്ലീങ്ങള്‍ക്ക് വേണ്ടിയുള്ളത് മാത്രമല്ല ലീഗിന്റെ ഈ റാലി. ഈ റാലിയിലെ ജനസാഗരത്തെ കാണുമ്പോള്‍ സന്തോഷമുണ്ട്. പലസ്തീനികള്‍ക്ക് വേണ്ടി നടക്കുന്ന ഏറ്റവും വലിയ റാലി ആയിരിക്കും ഇത്. ഈ യുദ്ധം നിര്‍ത്തണം എന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. മനുഷ്യാവകാശ ധ്വംസനത്തിന്റെ വലിയ ഉദാഹരണമാണ് കാണുന്നത്. ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. ലീഗ് എന്നും സങ്കടപ്പെടുന്നവരുടെ കൂടെയാണ് നില്‍ക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തോട് നിലവില്‍ ഇന്ത്യ എടുക്കുന്ന സമീപനം അപലപിക്കേണ്ടതാണെന്നും ഇതിനെതിരെ ഇന്ത്യയിലെ ജനങ്ങള്‍ ഒന്നിക്കണമെന്നും തരൂര്‍ പറഞ്ഞു. പലസ്തീനില്‍ യുദ്ധം അല്ല നടക്കുന്നത്, ഏകപക്ഷീയമായി ആളുകളെ കൊന്നൊടുക്കുകയാണ്. യുദ്ധങ്ങള്‍ക്ക് ചില നിയമങ്ങളുണ്ട്. ആ നിയമങ്ങളെ എല്ലാം ലംഘിക്കുകയാണ് ഇവിടെ. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. ചില അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. നഷ്ടം സഹിച്ചതും ത്യാഗം ചെയ്തതും സാധാരണക്കാരാണെന്നും തരൂര്‍ പറഞ്ഞു.