ഡൽഹി: വനിതാസംവരണ നീക്കം തുടങ്ങിയത് രാജീവ് ഗാന്ധിയെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സോണിയാ ഗാന്ധി. വനിത സംവരണ ബില്ലിന്‍മേല്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയിലാണ് സോണിയുടെ പ്രതികരണം. പഞ്ചായത്തീരാജ് സ്ഥാപനങ്ങളില്‍ വനിതസംവരണം യാഥാര്‍ഥ്യമായി. എന്നാല്‍ രാജീവിന്റെ സ്വപ്നം ഇപ്പോഴും അപൂര്‍ണമാണ്. ബില്ലിനെ പിന്തുണയ്ക്കുന്നു, ഉടന്‍ നടപ്പാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
വനിതാ സംവരണ ബിൽ നടപ്പാക്കുമ്പോൾ പട്ടികജാതി/പട്ടികവര്‍ഗ, ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം ഉൾപ്പെടുത്തണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
“എനിക്ക് ഇതൊരു വൈകാരിക നിമിഷമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാ സംവരണം ആദ്യമായി കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. അദ്ദേഹത്തിന്റെ സ്വപ്‌നം ഭാഗികമായേ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ളൂ. ഈ ബില്‍ പാസാകുന്നതോടെ അത് പൂര്‍ണമാകും. പുകനിറഞ്ഞ അടുക്കള മുതല്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയംവരെ നീണ്ടതാണ് ഇന്ത്യന്‍ സ്ത്രീകളുടെ യാത്ര. അത് ഒടുവില്‍ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു.” വിശ്രമിക്കുന്നതിനെക്കുറിച്ച് ഒരിക്കലും അവര്‍ ചിന്തിക്കുന്നില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
എന്നാൽ കോൺഗ്രസ് അനാവശ്യ വിവാദത്തിനാണ് ശ്രമിക്കുന്നതെന്നും അവർ രാഷ്ട്രീയം കളിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകി. 2010ൽ ബിൽ കൊണ്ടുവന്നപ്പോൾ എന്തുകൊണ്ട് പിന്നാക്ക സംവരണം ഉൾപ്പെടുത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസിന് മറുപടിയുമായി ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയും രംഗത്തെത്തി. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം വേണമെന്ന കോണ്‍ഗ്രസ് ആവശ്യം രാഷ്ട്രീയമാണെന്നും മുന്‍പ് സംവരണ വിഷയത്തില്‍ ഒ.ബി.സി. സംവരണത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ലെന്നും ദുബെ ആരോപിച്ചു.
ലോക്സഭ പാസാക്കിയാൽ ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും. അഡ്വക്കേറ്റ്സ് ഭേദഗതി ബില്ലടക്കം ഇന്ന് ലോക്സഭയിൽ വരാനിടയുണ്ട്.