ദേവികമോൾക്ക് സ്വപ്ന ഭവനം ഒരുക്കാൻ സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷൻ; മുരുകൻ കാട്ടാക്കടയുടെ സ്നേഹസമ്മാനം

ഫോർട്ട് മെയേഴ്സ് : തിരുവനന്തപുരം വെള്ളനാടിലെ എട്ട് വയസുകാരി കൊച്ചുമിടുക്കി ദേവികമോൾ കവിതയുടെ ലോകത്തെ ഏറ്റവും ഇളമുറക്കാരിയാണ്. പ്രശസ്‌ത കവി മുരുകൻ കാട്ടാക്കടയുടെ കവിതകളോടാണ് ഏറെ പ്രിയവും, അത് ഏറ്റുപാടിയാണ് ദേവികമോൾ മലയാളി മനസുകളിൽ ഇടംനേടിയതും. മുരുകൻ കാട്ടാക്കടയാവട്ടെ, പുത്രിവാത്സല്യത്തോടെ ദേവികമോളുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ അവളെ ഏറ്റെടുത്തു. ചാനലുകളിലും, പൊതുപരിപാടികളിലും കവിതകൾ ചൊല്ലി ജനഹൃദയങ്ങളിൽ ഇടം നേടി.

അച്ഛനും, അമ്മയും, ദേവികമോളും അടങ്ങുന്ന കൊച്ചുകുടുംബം കാട്ടാക്കടയിലെ ഒരു കൊച്ചു വീട്ടിൽ വാടകക്കാണ് കഴിഞ്ഞുവരുന്നത് . ദേവികമോൾക്ക് സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം മുരുകൻ കാട്ടാക്കട മനസിൽ കരുതിയിരുന്നു. അത് അവളുടെ കഴിവുകൾക്ക് ഉള്ള അംഗീകാരമായിരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു.

സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷൻ ആണ് ദേവികമോൾക്കുള്ള സ്വപ്നഭവനം ഒരുക്കുന്നത്. മൂന്നര സെൻറ് സ്ഥലം ഇന്ന് സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷൻ വാങ്ങി ദേവികമോളുടെ കുടുംബത്തിന് നൽകി. വീട് നിർമാണം ഉടൻ ആരംഭിക്കും. അസോസിയേഷൻ പ്രസിഡൻറ് അജേഷ് ബാലാനന്ദൻ, വൈസ് പ്രസിഡൻറ് സതീഷ് , സെക്രട്ടറി വിഷ്‌ണു പ്രതാപ് തലാപ്പിൽ , ട്രഷറർ നീനു വിഷ്ണു പ്രതാപ് , ഷീജ അജിത്,അന്നമ്മ മാപ്പിളശ്ശേരി , മോളി തോമസ്, ബിനൂപ് കുമാർ ശ്രീധരൻ ,സ്വപ്ന സതീഷ്, അജിത് ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിലാണ് ഈ സ്നേഹഭവനം ഒരുക്കുന്നത്.

സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന സംഘടനയാണ് സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷൻ . ആവശ്യഘട്ടങ്ങളിൽ കരുത്തും, കൈത്താങ്ങുമായി മുൻനിര സേവകരാവാൻ സന്മസുള്ള ഒരു കൂട്ടയ്മയായി പ്രവർത്തിക്കുന്ന സംഘടനയാണ്. കഴിഞ്ഞ വർഷം ഇയാൻ ചുഴലിക്കാറ്റ് ഫോർട്ട് മെയേഴ്സ് ഉൾപ്പെടെയുള്ള തീരങ്ങളിൽ ആഞ്ഞടിച്ചപ്പോൾ പ്രദേശവാസികളെ സഹായിക്കാൻ മുൻപന്തിയിൽ പ്രവർത്തിച്ച സംഘടനയാണ് സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷൻ .അംഗബലത്തിൽ കുറവാണെങ്കിലും , ശക്തമായ നേതൃനിരയാണ് വിപുലമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫെറെൻസിനായി മയാമിയിൽ എത്തിയ അവസരത്തിലാണ് കവി മുരുകൻ കാട്ടാക്കട പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റത്തോട് ദേവികമോൾക്ക് ഒരു വീട് നിർമ്മിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. ഇക്കാര്യം സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷൻ പ്രസിഡന്റ് അജേഷിനോട് പങ്കുവച്ചപ്പോൾ സംഘടനയുമായി ആലോചിച്ച് ഉടനടി മറുപടി നൽകാമെന്ന് പറഞ്ഞു. അടുത്ത ദിവസം തന്നെ കവി മുരുകൻ കാട്ടാക്കടക്ക് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകുകയും, ചടങ്ങിൽ വെച്ച് ദേവികമോൾക്കുള്ള ഭവനം നിർമിച്ചു നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ഒരു മാസത്തിനുള്ളിൽ നാല് ലക്ഷം രൂപ നൽകി വീടിനുള്ള സ്ഥലം വാങ്ങി രക്ഷിതാവിൻ്റെ പേരിൽ രജിസ്റ്റർ ചെയ്‌തു നൽകി. അസോസിയേഷൻ പ്രതിനിധികളായ ശ്രീജ അജിത്, അജിത് ഡൊമിനിക് എന്നിവർ ചേർന്ന് രേഖകൾ കൈമാറി. പ്രശസ്ത എഴുത്തുകാരൻ സന്തോഷ് എച്ചിക്കാനവും ചടങ്ങിൽ പങ്കെടുത്തു. ഇനി ഉടനടി വീട് നിർമിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുമെന്ന് അസോസിയേഷൻ പ്രസിഡൻറ് അജേഷ് ബാലാനന്ദൻ പറഞ്ഞു. പതിനായിരം ഡോളറാണ് ദേവികമോൾക്കുള്ള ഭവനപദ്ധതിക്ക് സൗത്ത് വെസ്റ്റ് ഫ്ലോറിഡ മലയാളി അസോസിയേഷൻ മാറ്റിവെച്ചിരിക്കുന്നത്. അങ്ങനെ മലയാളത്തിന്റെ പ്രിയ കവി മുരുകൻ കാട്ടാക്കടയുടെ ദേവികമോൾക്ക് സ്വപ്നഭവനം എന്ന ആഗ്രഹം സഫലീകരിക്കപ്പെടുകയാണ്.

Southwest Florida Malayalee Association supports Devikamol for her dream home