ചെങ്കടലിലേക്ക് യുദ്ധക്കപ്പൽ അയക്കാനാകില്ലെന്ന് യുഎസിനോട് സഖ്യരാഷ്ട്രങ്ങൾ

കാൻബറ: ചെങ്കടലിൽ ഇസ്രയേലി കപ്പലുകൾക്ക് ഭീഷണി ഉയർത്തുന്ന ഹൂതികളെ നേരിടാനുള്ള ‘ഓപറേഷൻ പ്രോസ്‌പെരിറ്റി ഗാർഡിയനി’ൽ പങ്കെടുക്കാൻ യുദ്ധക്കപ്പലുകൾ അയക്കാനാവില്ലെന്ന് അമേരിക്കയോട് സഖ്യരാഷ്ട്രങ്ങളായ ഓസ്ട്രേലിയയും സ്പെയിനും.

സേനയിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കില്ലെന്ന് ഇരുരാഷ്ട്രങ്ങളും യുഎസിനെ അറിയിച്ചു. യുദ്ധക്കപ്പല്‍ അയയ്ക്കില്ലെന്നും സംയുക്ത സമുദ്രതീര ഓഫീസ് (സിഎംഎഫ്) സ്ഥിതി ചെയ്യുന്ന ബഹ്‌റൈനിലേക്ക് ഉദ്യോഗസ്ഥരെ വിട്ടുനല്‍കാമെന്നും നെതര്‍ലാന്‍ഡ്സും നോര്‍വേയും നിലപാടെടുത്തു.

നെതർലാൻഡ്‌സ് രണ്ടും നോര്‍വേ പത്തും നാവിക ഉദ്യോഗസ്ഥരെയാണ് അയയ്ക്കുക. സഖ്യത്തില്‍ ചേരാന്‍ യുഎസ് ക്ഷണിച്ച ഈജിപ്തും സൗദിയും വിട്ടുനിൽക്കുകയാണ്. ചെങ്കടൽ തീരമുള്ള രാഷ്ട്രങ്ങളാണ് രണ്ടും.

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് സുരക്ഷയൊരുക്കാനായി ഓപറേഷൻ പ്രോസ്പറിറ്റി ഗാർഡിയൻ എന്ന പേരിലാണ് യുഎസ് സേനയെ പ്രഖ്യാപിച്ചിരുന്നത്. മധ്യേഷ്യൻ സന്ദർശനത്തിനിടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റേതായിരുന്നു പ്രഖ്യാപനം. ബ്രിട്ടൻ, ബഹ്‌റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്‌സ്, നോർവേ, സീഷിൽസ്, സ്‌പെയിൻ എന്നീ രാഷ്ട്രങ്ങളോടാണ് സേനയുടെ ഭാഗമാകാൻ യുഎസ് അഭ്യർത്ഥിച്ചിരുന്നത്. ‘ബഹുരാഷ്ട്ര സുരക്ഷാ സംരംഭം’ എന്നാണ് സേനയെ ലോയ്ഡ് വിശേഷിപ്പിച്ചിരുന്നത്.

ഇസ്രായേലിലേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലുകൾക്കു നേരെ യമനിലെ ഹൂത്തികൾ അയച്ച നിരവധി മിസൈലുകളെ അമേരിക്കൻ യുദ്ധക്കപ്പലുകൾ നിർവീര്യമാക്കിയിരുന്നു. ഓരോ മിസൈൽ നിർവീര്യമാക്കുന്നതിനും 2,000 ഡോളർ മുതൽ 20,000 വരെ ചെലവുണ്ടെന്നാണ് കണക്ക്.