മലയാള സിനിമാ ചരിത്രത്തിലെ അതികായനായ ഏകാന്തപഥികൻ ശ്രീകുമാരൻ തമ്പി അമേരിക്കയിൽ എത്തുന്നു. കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച് എൻഎ) യുടെ 12ാം ലോക കൺവൻഷനിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. നവംബർ 23,24, 25 തീയതികളിൽ ഹ്യൂസ്റ്റണിലെ ഹിൽട്ടൻ അമേരിക്കാസിലാണ് പപരിപാടി.
മലയാള സിനിമയുടെ സമസ്ത മേഖലകളിലും തൻ്റെ കയ്യൊപ്പ് ചാർത്തിയ ആ പ്രതിഭയ്ക്ക് ആദരം അർപ്പിക്കാനായി അമേരിക്കയിലെ മലയാളികൾ കാത്തിരിക്കുകയാണ്.
സിനിമയിൽ മാത്രമല്ല എഴുത്തിലും അദ്ദേഹം തൻ്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. മികച്ച എഴുത്തുകാരനുള്ള ഇത്തവണത്തെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിയെ തേടിയെത്തി. ഒരു കോക്കസിൻ്റെയും ഭാഗമല്ലാതെ പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ ശക്തി അദ്ദേഹത്തിൻ്റെ പ്രതിഭ ഒന്നു മാത്രമാണ്.
അംഗീകാരങ്ങളെ തേടി അദ്ദേഹം എവിടേയും പോയില്ല, അദ്ദേഹത്തെ തേടി അംഗീകാരങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ ഒരു പാട്ടെങ്കിലും മൂളാത്ത മലയാളി ഇല്ല. പ്രത്യേകിച്ച്, മലയാളത്തിൻ്റെ മുദ്രകൾ പതിഞ്ഞ ആ ഗാനങ്ങൾ പ്രവാസി മലയാളികളുടെ നാടോർമകളാണ്..സ്നേഹനൊമ്പരമാണ്..
അദ്ദേഹത്തിനുള്ള സംഗീത ഉപഹാരമായി അദ്ദേഹത്തിൻ്റെ ഗാനങ്ങൾ കോർത്തിണക്കി ഗാനസന്ധ്യ അമേരിക്കയിൽ ഒരുക്കുന്നു. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള ഗായകരാണ് അണിനിരക്കുന്നത്. ഓരോ പാട്ടിൻ്റെ പിന്നിലെയും എഴുത്തുവിശേഷവും അനുഭവങ്ങളും ശ്രീകുമാരൻ തമ്പി ആ വേദിയിൽ പങ്കുവയ്ക്കും.