‘ഇപ്പോൾ തന്നെ രാജ്യം വിടണം’; ലെബനനിലെ അമേരിക്കക്കാർക്ക് ബൈഡൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ലെബനനിൽ ഉള്ള യുഎസ് പൗരന്മാരോട് ഉടൻ രാജ്യം വിടാൻ ആവശ്യപ്പെട്ട് ബൈഡൻ ഭരണകൂടം. ലെബനനിൽ നിന്ന് യുഎസ് പൗരന്മാരെ കൊണ്ടുപോകാനുള്ള വിമാനങ്ങൾ തയാറാണെന്നും ശുപാർശയിൽ പറയുന്നു.

ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം തുടരുന്നതിനാൽ മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം “പ്രവചനാതീതമായി” തുടരുന്ന പശ്ചാത്തലത്തിലാണ് ഈ ശുപാർശ.

പുറപ്പെടാൻ ആഗ്രഹിക്കുന്ന അമേരിക്കക്കാർക്കായി ബെയ്റൂട്ട്-റാഫിക് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ ഒരു ലിസ്റ്റ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയിട്ടുണ്ട്. സർക്കാർ സഹായങ്ങളെ ആശ്രയിക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർ ആവർത്തിച്ചു.

“ഒരു പ്രതിസന്ധി വരുന്നതിന് മുൻപ് രാജ്യം വിടുന്നതാണ് ഏറ്റവും നല്ലത്. ഒരു വിദേശ രാജ്യത്ത് നിന്ന് സിവിലിയന്മാരെ യുഎസ് സൈന്യത്തിന്റെ സഹായത്തോടെ ഒഴിപ്പിക്കുന്നത് അപൂർവമാണ്. പ്രതിസന്ധി ഘട്ടത്തിൽ യുഎസ് സർക്കാർ സ്വകാര്യ യുഎസ് പൗരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും ഒഴിപ്പിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.”

യുഎസ് ഗവൺമെന്റിന് ചില തരത്തിലുള്ള ഗതാഗത സൗകര്യങ്ങൾ നൽകാൻ കഴിയുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ യുഎസ് പൗരന്മാർക്കൊപ്പം അവരുടെ വളർത്തുമൃഗങ്ങളെ ഒഴിപ്പിക്കാൻ കഴിയില്ലെന്നും ശുപാർശയിൽ പ്രസ്താവിക്കുന്നു.

ലെബനനിൽ നിന്ന് പ്രവർത്തിക്കുന്ന ഇസ്രായേൽ സൈന്യവും ഇറാൻ പിന്തുണയുള്ള തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയും തമ്മിലുള്ള വർദ്ധിച്ച പിരിമുറുക്കത്തെത്തുടർന്നാണ് അമേരിക്കക്കാർ മേഖല വിടാനുള്ള പുതിയ ആഹ്വാനങ്ങൾ ഉയർന്നിരിക്കുന്നത്. ഇസ്രായേൽ അതിർത്തിയിൽ ഇരു ഗ്രൂപ്പുകളും തമ്മിൽ ആക്രമണം ഉണ്ടായതിന് പിന്നാലെ ഈ മാസമാദ്യം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സമാനമായ ശുപാർശ പുറപ്പെടുവിച്ചിരുന്നു.