കരിപ്പൂര്‍: ഹജ്ജിനു പോകുന്നവര്‍ ടൂര്‍ ഓപ്പറേറ്റര്‍മാരെ സൂക്ഷിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരു അംഗീകാരവും ഇല്ലാത്ത ചില ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഹാജിമാരെ തെറ്റിദ്ധരിപ്പിച്ചു പാസ്‌പോര്‍ട്ടും പണവും വാങ്ങി വെക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഹാജിമാര്‍ ജാഗ്രത പാലിക്കണമെന്നുമാണ് ഹജ്ജ് കമ്മിറ്റി നിര്‍ദേശം നല്‍കിയത്.
ഹാജിമാര്‍ കബളിപ്പിക്കപ്പെട്ട സംഭവത്തില്‍ നിരവധി പരാതികള്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചിരുന്നു. അതു സംബന്ധിച്ച നടപടികള്‍ സ്വീകരിച്ചു വരികയാണ്. അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പേര്, വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും ലിസ്റ്റ് പത്രമാധ്യമങ്ങള്‍ക്ക് നല്‍കാനും നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഹജ്ജ് കമ്മിറ്റി അറിയിച്ചു.
ട്രാവല്‍ ഏജന്‍സികള്‍ പാസ്‌പോര്‍ട്ട് മുന്‍കൂറായി വാങ്ങിവെക്കുന്നതു മൂലം, സര്‍ക്കാര്‍ വഴി ഹജ്ജിന് അപേക്ഷിക്കാന്‍ പലര്‍ക്കും കഴിയാതെ വരുന്നു. മഹ്‌റം ഇല്ലാതെ ഒറ്റക്ക് അപേക്ഷിക്കാന്‍ ഒരുങ്ങുന്നവരെ സമീപിച്ചു വന്‍ തുക വാങ്ങി യാതൊരു പരിചയവുമില്ലാത്തവരെ ഒരേ കവറില്‍ അപേക്ഷിപ്പിക്കുകയും അത് വഴി വളരെ പ്രയാസപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഹജ്ജ് കമ്മിറ്റി ചൂണ്ടിക്കാട്ടി.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0483-271 0717, 2717572 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ keralahajcommittee@gmail.com എന്ന അഡ്രസില്‍ ഹജ്ജ് കമ്മിറ്റിക്ക് ഇ-മെയില്‍ ചെയ്യാവുന്നതാണ്.