മണിപ്പുര്‍ ഇന്ത്യയുടെ നെഞ്ചിലെ തീ, ഇല്ല, ഇല്ല സര്‍ക്കാരിന് മാപ്പില്ല…

ഞ്ചുമാസം കഴിഞ്ഞിട്ടും മണിപ്പുര്‍ അശാന്തവും അശരണവുമായി തുടരുന്നതിന് കുറ്റക്കാര്‍ ഭരണാധികാരികള്‍ തന്നെയാണ്. മണിപ്പുര്‍ അണയാത്ത നെരിപ്പോടായി നില്‍ക്കേണ്ടത് ആരുടെ ആവശ്യമാണ്? ഉറപ്പായും അത് ഭരണാധികാരികളുടെ ആവശ്യമാണെന്ന് ഏതു കുഞ്ഞിനും മനസ്സിലാവും .രണ്ട് ദിവസം കൊണ്ട് നിയന്ത്രിക്കാമായിരുന്ന ഒരു വംശീയ കലാപത്തെ 5 മാസം കൊണ്ടും തീരാത്ത ഒരു വലിയ ദുരന്തമാക്കി മാറ്റിയ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നത് ഒരിക്കലും പൊറുക്കാനാവാത്ത അനീതിയാണ്.

ഇന്ത്യയുടെ മരതക മുത്തെന്ന് വിശേഷിപ്പിച്ചിരുന്ന മനോഹരമായ ആ കൊച്ചു സംസ്ഥാ നം കഴിഞ്ഞു പോയ അഞ്ചുമാസങ്ങള്‍ കൊണ്ട് ഏറ്റുവാങ്ങിയ മുറിവുകള്‍ക്ക് കണക്കില്ല, ചോരമണവും കണ്ണീരും നിലവിളികളും മാത്രമുള്ള ആ പ്രദേശത്ത് യുദ്ധമുഖത്തുപോലും കേട്ടുകേള്‍വിയില്ലാത്ത അത്ര നീചമായ ക്രൂരകൃത്യങ്ങളാണ് അരങ്ങു വാഴുന്നത്. പട്ടാളത്തെ ജനങ്ങള്‍ വെടിവച്ച് വീഴ്ത്തുന്ന മറ്റ് ഏതൊരു പ്രദേശം ഇന്ത്യയിലുണ്ട്?. 10 വയസ്സ് മാത്രം പ്രായമായ കുഞ്ഞുങ്ങളുടെ കയ്യില്‍ നിറതോക്ക് നല്‍കി വെടിവച്ചിടാന്‍ ആക്രോശിക്കുന്ന ഏതു ദേശമുണ്ട് ഇന്ത്യയില്‍? . ജനക്കൂട്ടം മുഴുവന്‍ ആര്‍ത്തുവിളിച്ചുകൊണ്ട് സ്ത്രീകളെ പിച്ചിച്ചീന്തി എറിഞ്ഞ് അതിൻ്റെ വിഡിയോ എടുത്ത് ആസ്വദിക്കുന്ന ഏതു പ്രദേശമുണ്ട് ഈ ലോകത്ത്? ഇതാണോ നിങ്ങള്‍ പറയുന്ന മഹാപാരമ്പര്യമുള്ള . സംസ്കാരിക സമ്പന്നമായ ഇന്ത്യ?

മനുഷ്യൻ്റെ ഏറ്റവും നീചമായ മുഖവും സ്ത്രീകളും കുഞ്ഞുങ്ങളും അനുഭവിക്കുന്ന ഏറ്റവും നിസ്സാഹമായ മുഖവും ഈ സംസ്ഥാനം കാണിച്ചു തരുന്നു. എന്നിട്ടും എന്നിട്ടും ഒരു കുലക്കവുമില്ലാതെ 56 ഇഞ്ച് നെഞ്ച് വിരിച്ച് നിന്ന് നാടകം കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ജനം മറുപടി നല്‍കും. ഇതാ.. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വീടിനു തീയിടാന്‍ പോയത് 100 പേരുള്ള ഒരു ജനക്കൂട്ടമായിരുന്നു. ബിജെപി ഓഫിസിന് തീയിട്ടത് വലിയ ജനാവലിയായരുന്നു.

അവിടുത്തെ ഗോത്രവര്‍ ഗ ഫോര്‍മുലകള്‍ അറിയാമായിരുന്നിട്ടും പ്രബലരായ മെയ്തികളുടെ വോട്ട് കിട്ടാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നിയമം അതാണ് ഈ കലാപത്തിന് വഴിമരുന്നിട്ടത്. തികച്ചും പക്ഷപാതപരമായിരുന്നു സര്‍ക്കാരിൻ്റെ പെരുമാറ്റം. താഴ്വരയില്‍ നിന്ന് അവസാനത്തെ കുക്കി വംശക്കാരനെ കൂടി കാടുകയറ്റി വിജയിച്ചെന്ന് വിചാരിച്ചിരിക്കെയാണ് രണ്ട് മെയ്തെയ് വിദ്യാര്‍ഥികളുടെ മൃതദേഹത്തിൻ്റെ ചിത്രം സോഷ്യല്‍ മീഡിയ പുറത്തുവിട്ടത്. അതോടെ വീണ്ടും കലാപം തുടങ്ങി. കുക്കി വംശത്തിൻ്റെ ഉന്മൂലനത്തിന് കൂട്ടുനിന്ന സര്‍ക്കാരിനു നേരെ മെയ്തെയ് കള്‍ തിരിഞ്ഞു. ബിജെപിക്ക് അവര്‍ കത്ത് എഴുതിയിരിക്കുകയാണ്. പാമ്പ് തിരിഞ്ഞ് കൊത്താന്‍ തുടങ്ങിയെന്നു മനസ്സിലാക്കി, കശ്മീരികളെ മര്യാദ പഠിപ്പിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ അങ്ങോട്ടേയ്ക്ക് അയച്ചിട്ടുണ്ട്. മാത്രമല്ല സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളില്‍ ഒരുപാട് ‘കോണ്‍സ്പിരസി തിയറികള്‍’ വരാനും ആരംഭിച്ചു. കാനഡയിലെ ഭീകരവാദികളുമായിപ്പോലും മണിപ്പൂര്‍ കലാപകാരികള്‍ കൂടിക്കാഴ്ച നടത്തി. ചൈനചാരന്മാരാണ് പിന്നില്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത ആരോപണങ്ങള്‍ .

കത്തുന്നത്, ജീവൻ പൊലിഞ്ഞു പോകുന്നത്, മാനം നഷ്ടപ്പെട്ടു പോകുന്നത്, വീടുകള്‍ നഷ്ടപ്പെട്ട് തെരുവിലാകുന്നത്, ഉറ്റവര്‍ നഷ്ടപ്പെട്ട് അനാഥരാകുന്നത് ഈ ഇന്ത്യ മാഹാരാജ്യത്തെ പൗരന്മാരാണ്…. അത് മറക്കരുത്.. നോക്കിനിന്നു കളികാണുന്ന മഹാന്മാരായ നേതാക്കളെ ….എന്തൊക്കെ വമ്പ് പറഞ്ഞാലും, ചന്ദ്രനെയോ സൂര്യനേയോ കയ്യിലെടുത്താലും ലോകം മുഴുവന്‍ നിങ്ങള്‍ വെട്ടിപ്പിടിച്ചാലും ഇപ്പോള്‍ തുടരുന്ന ഈ മനപൂര്‍വമുള്ള അനാസ്ഥയ്ക്ക് മാപ്പില്ല….