അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മികച്ച സംഭവാനകള്‍ നല്‍കിയ ഇന്ത്യന്‍ വനിതയുടെ പേര് ബഹുമാനസൂചകമായി ന്യൂയോര്‍ക്കിലെ തെരുവിനു നല്‍കിയത് ചരിത്ര നിമിഷമാകുന്നു. ഇന്ത്യന്‍ അമേരിക്കന്‍ വനിത ഉമാ സെന്‍ ഗുപ്തയുടെ പേരാണ് ന്യൂ യോര്‍ക്ക് സിറ്റിയില്‍ 152 സ്ട്രീറ്റും യൂണിയന്‍ ടേണ്‍പൈക്കും ചേരുന്നിടത്ത് നല്‍കിയത്. ഈ തെരുവ് ഇനി മുതല്‍ ‘ഉമാ സെന്‍ഗുപ്ത വേ’ എന്നറിയപ്പെടും.
സാമൂഹ്യ പ്രവര്‍ത്തകയും വിദ്യാഭ്യാസ പ്രവര്‍ത്തകയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായിരുന്ന ഉമാ സെന്‍ഗുപ്തയുടെ പേര് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള നാമകരണത്തിനുള്ള ബില്‍ സിറ്റി കൗണ്‍സിലില്‍ അവതരിപ്പിച്ചത് കൗണ്‍സില്‍ അംഗം ജെയിംസ് എഫ്. ഗെന്നാരോ ആയിരുന്നു. തെരുവിന് ഉമാ ഗുപ്തയുടെ പേരു നല്‍കിയ ചടങ്ങില്‍ ഉമാ സെന്‍ഗുപ്തയുടെ മകള്‍ ഡോക്ടര്‍ സുമിത സെന്‍ഗുപ്ത പങ്കെടുത്തു. കൗണ്‍സില്‍ അംഗം ജെയിംസ് എഫ്. ഗെന്നാരോ, ന്യൂ യോര്‍ക്ക് അറ്റോണി ജനറല്‍ ലെറ്റീഷ്യ ജെയിംസ്, ക്വീന്‍സ് ബറോ പ്രസിഡന്റ് ഡൊണോവന്‍ റിച്ചാര്‍ഡ്‌സ്, സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ ലിയു തുടങ്ങി രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
അറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഉമാ സെന്‍ഗുപ്ത ഭര്‍ത്താവ് സുപ്രഭാത് സെന്‍ ഗുപ്തയ്‌ക്കൊപ്പം അമേരിക്കയിലെത്തുന്നത്. പിന്നീട് അമേരിക്കയുടെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ സജീവമായി ഇടപെട്ട ഇവര്‍ ന്യൂ യോര്‍ക്കില്‍ ഫ്‌ലാഷിങ്ങില്‍ മോന്റസോറി സ്‌കൂള്‍ സ്ഥാപിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്ന ഉമാ സെന്‍ ഗുപ്ത 2004ല്‍ 25ആം അസംബ്ലി ഡിസ്ട്രിക്ടില്‍ ആദ്യത്തെ ഇന്ത്യന്‍ അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായി.