വിദ്യാര്‍ഥികളെക്കൊണ്ട് സ്‌കൂളിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചു ; പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയിലെ കോലാറിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യുകയും നാല് കരാര്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. നാലോളം വിദ്യാര്‍ത്ഥികളെ സെപ്റ്റിക് ടാങ്കില്‍ ഇറക്കി കൈകൊണ്ട് വൃത്തിയാക്കിച്ചെന്നാണ് പരാതി.

സ്‌കൂളിലെ ശിക്ഷാ രീതിയെന്ന നിലയില്‍ രാത്രിയില്‍ വിദ്യാര്‍ത്ഥികള്‍ ഭാരമുള്ള സ്‌കൂള്‍ ബാഗുമായി മുട്ടുകുത്തി നില്‍ക്കുന്ന വീഡിയോയും സ്‌കൂളിനെതിരായി പുറത്തു വന്നിട്ടുണ്ട്.

കോലാറിലെ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന കുട്ടികളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സ്‌കൂളില്‍ 6 മുതല്‍ 9 വരെ ക്ലാസുകളിലായി 19 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 243 കുട്ടികളുണ്ട്.

ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ മാനുഷ്യന്‍ നേരിട്ട് ചെയ്യുന്ന തോട്ടിപ്പണി നിരോധിച്ചിരുന്നു. എന്നാല്‍ പലയിടങ്ങളിലും ഇപ്പോഴും ഈ രീതി തുടരുന്നുണ്ട്.

ശിക്ഷയുടെ ഒരു രൂപമെന്ന നിലയില്‍ കുട്ടികളെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ പ്രേരിപ്പിക്കുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കുക മാത്രമല്ല, മാനസികമായി അവരെ തളര്‍ത്തുകയും വലിയ ആഘാതത്തിലേക്ക് അവരെ തള്ളിവിടുകയും ചെയ്യുന്നു.

ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, മുഖ്യമന്ത്രി സിദ്ധരാമയ്യ വിഷയത്തില്‍ ഇടപെട്ടു. പ്രിന്‍സിപ്പല്‍ ഭരതമ്മ, അധ്യാപകന്‍ മുനിയപ്പ എന്നിവരാണ് അറസ്റ്റിലായത്. അശ്രദ്ധയുടെയും കൃത്യനിര്‍വ്വഹണത്തിലെ വീഴ്ചയുടെയും പേരില്‍ ഇവരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കര്‍ണാടക റസിഡന്‍ഷ്യല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സൊസൈറ്റിയുടെ അഭിപ്രായത്തില്‍, സ്‌കൂളിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതായി സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി കണ്ടെത്തിയിട്ടുമുണ്ട്.

More Stories from this section

family-dental
witywide