കൊച്ചി: നവകേരള സദസില്‍ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചെന്ന ആരോപണം വിവാദമായ സാഹചര്യത്തില്‍ നവകേരള സദസ്സില്‍ ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കി സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ടു കൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം നവകേരള സദസിന് സ്‌കൂള്‍ ബസ് വിട്ടു നല്‍കണമെന്ന നിര്‍ദേശം ഹൈക്കോടതി നേരത്തേ തന്നെ തടഞ്ഞിരുന്നു. കുട്ടികളെ വെയിലത്ത് നിര്‍ത്തിയ സംഭവം വിവാദമായ സാഹചര്യത്തിലാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ വിശദീകരണമുണ്ടായിരിക്കുന്നത്. തലശ്ശേരിയില്‍ നിന്നു കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിലേക്കു പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് കുട്ടികളെ റോഡില്‍ നിര്‍ത്തിയത്.
സംഭവം വിവാദമായതിനു പിന്നാലെ കുട്ടികള്‍ തണലത്താണ് നിന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. അതിനു ശേഷം കുട്ടികളെ സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ലെന്നും ആ നിലക്ക് അത് ആവര്‍ത്തിക്കണമെന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. അതേസമയം നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് തിരൂരങ്ങാടി ഡിഇഒ സ്‌കൂള്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയതും വിവാദമായിരുന്നു.