മുംബൈ: സഹാറ ഇന്ത്യ പരിവാറിൻ്റെ സ്ഥാപകൻ സുബ്രത റോയ് (75) അന്തരിച്ചു. ദീർഘനാളുകളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ബിഹാറിലെ അറാറിയിൽ ജനിച്ച സുബ്രത ഇന്ത്യയിലെ വ്യവസായ പ്രമുഖരിൽ ഒരാളായിരുന്നു. ഫിനാൻസ്, റിയൽ എസ്റ്റേറ്റ് , മീഡിയ, ഹോസ്പിറ്റാലിറ്റി, തുടങ്ങിയ വിവിധ മേഖലകളിൽ വ്യാപിച്ചു കിടന്നിരുന്ന വ്യവസായ ലോകം അദ്ദേഹം സൃഷ്ടിച്ചിരുന്നു.
വിവിധ മേഖലകളിൽ വ്യവസായം വ്യാപിച്ചതിനെ തുടർന്ന് ഇന്ത്യൻ റയിൽവേ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന തൊഴിൽദാതാവ് എന്നാണ് ഇദ്ദേഹത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. പ്രതിസന്ധിയിലായിരുന്ന സഹാറ ഫിനാൻസ് കമ്പനി ഏറ്റെടുത്തുകൊണ്ടാണ് വ്യവസായ രംഗത്ത് എത്തുന്നത്.1992 ൽ രാഷ്ട്രീയ സഹാറ എന്ന പേരിൽ ഹിന്ദി ദിനപ്പത്രം ആരംഭിച്ചു. സഹാറ ടിവി ചാനൽ ആരംഭിച്ചു. ലണ്ടനിലെ ഗ്രോസ് വെനർ ഹൌസ് ഹോട്ടൽ, ന്യൂയോർക് സിറ്റിയിലെ പ്ളാസ ഹോട്ടൽ എന്നിവ ഏറ്റെടുത്തു. സെബിയിൽ റജിസ്റ്റർ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിൽ 2010 ൽ സെബി അന്വേഷണം ആരംഭിച്ചതോടെ കമ്പനിക്ക് തിരിച്ചടി നേരിട്ടു. ഇത്തരത്തിൽ സമാഹരിച്ച 24000 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകാൻ സുപ്രീം കോടതി വിധിച്ചു. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് 2014 ൽ കോടതി തടവിലാക്കി. പിന്നീട് വ്യവസായം പുനരുജ്ജീവിപ്പിക്കാൻ സാധിച്ചിട്ടില്ല. ഭാര്യ – സ്വപ്ന, മക്കൾ – സുശാന്തോ, സീമാന്തോ.
Subrata Roy founder of Sahara Group dies at 75