അമേരിക്കയില്‍ വയോധികര്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

അമേരിക്കയില്‍ പ്രായമായവരിലെ ആത്മഹത്യാ നിരക്കില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം, യുഎസിലെ ആത്മഹത്യാ നിരക്കില്‍ എണ്‍പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് 2022ലാണ്. 1941 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അതേസമയം 25 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് 2021 നെ അപേക്ഷിച്ച് കുറയുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ 35 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ ആത്മഹത്യാ നിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിക്കുകയും ചെയ്തു. പ്രായമായവരിലാണ് ഏറ്റവുമധികം ആത്മഹത്യാ പ്രവണത കാണുന്നത്. ഇതില്‍ തന്നെ 75 വയസ്സും അതിനു മുകളിലും പ്രായമുള്ള വയോധികരാണ് കൂടുതലായി ആത്മഹത്യ ചെയ്തിരിക്കുന്നത്.

പ്രായമായവരില്‍ എഴുപത് ശതമാനവും ആത്മഹത്യ ചെയ്തിരിക്കുന്നത് തോക്കുപയോഗിച്ചാണ്. കോവിഡിനെത്തുടര്‍ന്നാണ് അനന്തര ഫലങ്ങളാണ് ആത്മഹത്യാ പ്രവണത വര്‍ധിക്കാന്‍ കാരണമായതെന്ന് വിദഗ്ദര്‍ പറയുന്നു. ബന്ധങ്ങളിലെ അകല്‍ച്ചയും സാമൂഹികമായ ഒറ്റപ്പെടലും ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ജീവനൊടുക്കാന്‍ വയോധികരെ പ്രേരിപ്പിക്കുന്നു.