
കേരള നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ ഒപ്പിടാന്‍ വൈകുന്നതില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സുപ്രീം കോടതി. രണ്ട് വർഷം ഗവർണർ എന്ത് ചെയ്യുകയായിരുന്നു എന്ന് കോടതി ചോദിച്ചു. “സുപ്രീം കോടതിക്ക് മുൻപാകെ ഹർജി വന്നതിന് ശേഷമാണ് ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാൻ തയ്യാറായത്. ഗവർണർ നിയമസഭയുടെ അധികാരത്തെ മറികടക്കാൻ പാടില്ല. ഗവർണർ സ്ഥാനത്തിന് ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്,” കോടതി വ്യക്തമാക്കി. അതേസമയം, ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ബില്ലുകൾ ഒപ്പ് വെക്കാത്തതിന് ഗവർണർ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. രാഷ്ട്രപതിക്ക് ബില്ലുകൾ അയച്ചത് തീരുമാനം വൈകിപ്പിക്കാനെന്ന് സംസ്ഥാനം സർക്കാർ കോടതിയെ അറിയിച്ചു. ഗവർണർ ക്ഷേമ ബില്ലുകൾ വൈകിപ്പിക്കുന്നുവെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ കോടതി ഇടപെടണം. ബില്ല് രാഷ്ട്രപതിക്ക് അയക്കുന്നതിന് സുപ്രീം കോടതി മാർഗനിർദേശം കൊണ്ട് വരണം സംസ്ഥാനം ആവശ്യപ്പെട്ടു.
നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍മാര്‍ കാലതാമസം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, തമിഴ്‌നാട്, പഞ്ചാബ്, കേരളം, തെലങ്കാന എന്നീ സര്‍ക്കാരുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതില്‍ പഞ്ചാബ്, തമിഴ്‌നാട് സര്‍ക്കാരുകളുടെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഗവര്‍ണര്‍മാര്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് നടത്തിയത്.
പാര്‍ലമെന്ററി സംവിധാനത്തില്‍ യഥാര്‍ഥ അധികാരം ജനപ്രതിനിധികള്‍ക്കാണെന്നും രാഷ്ട്രപതിയുടെ നോമിനിയായ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാത്ത തലവന്‍ മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബില്ലുകളില്‍ തീരുമാനം എടുക്കാത്ത ഗവര്‍ണര്‍മാരുടെ നടപടി ആശങ്കാജനകമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
Supreme Court Criticizes Governor Arif Muhammed Khan for not signing bills