“ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഗവർണർക്കെന്താണ് അധികാരം?” രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: നിയസഭയുടെ അധികാരപരിധിയില്‍ ഗവര്‍ണര്‍മാര്‍ കൈകടത്തുന്നതിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ വൈകിപ്പിക്കുന്നതിനെതിരേ തമിഴ്‌നാട്, പഞ്ചാബ് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച വ്യത്യസ്ത ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഈ വിഷയത്തില്‍ കേരളം സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കാനിരിക്കുന്നതേയുള്ളു.

നിയമസഭ പാസാക്കുന്ന ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഗവർണർക്കെന്താണ് അധികാരമെന്ന് തമിഴ്‌നാടിന്റെ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. നിയമസഭ പാസാക്കിയ 12 ബില്ലുകൾ ഗവർണർ ആർ.എൻ രവിയുടെ പക്കൽ കെട്ടിക്കിടക്കുകയാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാരിന് കത്തയക്കാൻ നിർദേശിച്ച കോടതി, ഹർജി നവംബർ ഇരുപതിന് പരിഗണിക്കാനായി മാറ്റി.

അതേസമയം, പഞ്ചാബ് സർക്കാരിന്റെ ഹർജിയിൽ വാദം കേട്ട കോടതി, ഗവർണർ തീ കൊണ്ടാണ് കളിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. “തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ബില്ലുകൾ പാസാക്കിയത്. അത് തടയാൻ ഗവർണർക്ക് എന്താണ് അധികാരം. ഇനങ്ങനെയാണെങ്കിൽ പാർലമെന്ററി ജനാധിപത്യമായി എങ്ങനെ തുടരും?” കോടതി ചോദിച്ചു.

സ്പീക്കർ വിളിച്ചുചേർത്ത സഭ സമ്മേളനം അസാധുവാണെന്ന് പറയാൻ ഗവർണർക്കെന്താണ് അധികാരമെന്നും കോടതി ആരാഞ്ഞു. പഞ്ചാബ് സഭ പാസാക്കിയ നാല് ബില്ലുകളാണ് ഗവർണർ ബൻവാരിലാൽ പുരോഹിത് തടഞ്ഞുവച്ചിരിക്കുന്നത്. സഭ അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ നടപടി. ഇതിനെയാണ് കോടതി നിലവിൽ ചോദ്യം ചെയ്തത്. ഗവർണർക്ക് അത്തരത്തിൽ ഒരു അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

Supreme court expressed concerns on Governers not clearing bills

More Stories from this section

family-dental
witywide