
ന്യൂഡല്‍ഹി: ഒരു വ്യക്തിക്ക് ഒരാളെ ഇഷ്ടപ്പെടുകയോ, ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. ഇഷ്ടപ്പെട്ടില്ല എങ്കില്‍ അദ്ദേഹത്തെ തെറിവിളിക്കാം എന്ന് കരുതരുത്. പ്രധാനമന്ത്രിയെ ഇഷ്ടമല്ല എന്നതുകൊണ്ട് അദ്ദേഹത്തിനെതിരെയും അദ്ദേഹത്തിന്റെ അമ്മക്കെതിരെയും അപകീര്‍ത്തികരമായ ഭാഷ ഉപയോഗിക്കാം എന്ന ധാരണ വേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ത്യാ വിരുദ്ധ പോസ്റ്റുകള്‍ പങ്കുവെച്ചു എന്ന് ആരോപിച്ച് അറസ്റ്റിലായ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് അഫ്സല്‍ ലഖാനിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
അപകീര്‍ത്തിപ്പെടുത്തല്‍, വിദ്വേഷ പ്രസംഗം, മതവികാരം വൃണപ്പെടുത്തല്‍ തുടങ്ങിയവക്കുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു ലഖാനിക്കെതിരെ കേസ്. കേസില്‍ നേരത്തെ ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.
ലൈവ് ലോ റിപ്പോര്‍ട്ട് പ്രകാരം ലഖാനി പ്രധാനന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ അമ്മ ഹീരാ ബെന്നിനും എതിരെ ലഖാനി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. മേലില്‍ അപകീര്ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് കോടതി മുന്നറിയിപ്പ് നല്‍കി. നിര്‍ദ്ദേശം ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും. അതിനായി ഗുജറാത്ത് സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ എ.എം.ബൊപ്പണ്ണ, എം.എം.സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
Supreme Court of India has asked the congress leader not to abuse prime minister of India