ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഹര്‍ജി വരുന്നതു വരെ കാത്തിരിക്കുന്നതെന്തിന്? ഗവര്‍ണര്‍മാരെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന നടപടിയില്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ചര്‍ച്ച ചെയ്ത് ബില്ലുകളില്‍ തീരുമാനമെടുക്കണമെന്നും ഹര്‍ജി വരുന്നതു വരെ ഗവര്‍ണര്‍മാര്‍ എന്തിനാണ് കാത്തിരിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാത്തത് ചൂണ്ടിക്കാട്ടി പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.

കേരളം അടക്കമുള്ള വിവിധ സര്‍ക്കാരുകളാണ് ഗവര്‍ണര്‍മാര്‍ ബില്ലില്‍ ഒപ്പിടാത്തത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിട്ടുള്ളത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച കോടതി ഗവര്‍ണര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടക്കണമെന്ന് നിര്‍ദേശിച്ചു. ഗവര്‍ണര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ലെന്ന് ഓര്‍ക്കണമെന്നും സുപ്രിംകോടതി പറഞ്ഞു.

ഹര്‍ജി സുപ്രീംകോടതിയില്‍ എത്തുമ്പോള്‍ മാത്രം തീരുമാനമെടുക്കുന്ന രീതി മാറ്റണം. ഭരണഘടനാപരമായ ബാധ്യത എല്ലാവര്‍ക്കും ഉണ്ടെന്ന് ഓര്‍ക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ നിയമപരമായ അവകാശമുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായ വിഷയങ്ങള്‍ കോടതി പരിശോധിക്കും. ഇത്തരത്തിലുള്ള തര്‍ക്കങ്ങള്‍ അഭികാമ്യമല്ല. ഭരണഘടനാപരമായിട്ടാണ് കാര്യങ്ങള്‍ നിര്‍ണയിക്കപ്പെടേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide