മറിയക്കുട്ടിയെ കാണാന്‍ സുരേഷ് ഗോപി വീട്ടിലെത്തി; ഈ മുഖ്യമന്ത്രിയെ എല്ലാവര്‍ക്കും പേടിയാണെന്ന് മറിയക്കുട്ടി

തൊടുപുഴ: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെതിരെ മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിയെ കാണാന്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി വീട്ടിലെത്തി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി മറിയക്കുട്ടിയുെട വീട്ടിലെത്തിയത്. മറിയക്കുട്ടിക്ക് പിന്തുണ അറിയിക്കുക എന്നതാണ് സന്ദര്‍ശനത്തിന്ന് പിന്നിലെ മുഖ്യലക്ഷ്യമെന്നാണ് കരുതുന്നത്. ജനങ്ങള്‍ക്ക് ഇവിടുത്തെ മുഖ്യമന്ത്രിയെ പേടിയാണെന്ന് മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു.

ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താന്‍ കണ്ടിട്ടില്ല. ബി.ജെ.പിയെ കുറ്റം പറഞ്ഞ് കള്ളക്കടത്ത് നടത്തുന്നു. തനിക്ക് മഞ്ഞ കാര്‍ഡ് ഇല്ല. അത് സി.പി.എം കാര്‍ക്കുള്ളതാണ്. ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ പേടിയാണ്. കേന്ദ്രത്തിന്റെ കാശ് എവിടെ പോകുമെന്ന് താന്‍ ചോദിക്കുമെന്നും മടുത്തിട്ടാണ് ഇക്കാര്യം പറയുന്നതെന്നും മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു.

പെട്രോള്‍ അടിക്കുമ്പോള്‍ രണ്ട് രൂപ അധികം പിരിക്കുന്നത് പാവങ്ങള്‍ക്കുള്ള പെന്‍ഷന്‍ നല്‍കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞ വിവരം സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഇനിയങ്ങോട്ട് ആ രണ്ട് രൂപ നല്‍കില്ലെന്ന് ജനങ്ങള്‍ തീരുമാനിക്കണം. ഇന്ത്യന്‍ ഓയില്‍ അടക്കമുള്ള കമ്പനികള്‍ക്ക് വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതണം. ഈ സര്‍ക്കാരിനെ വിശ്വസിക്കാനാവില്ലെന്ന് വ്യക്തമാക്കണമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു.

അതേസമയം പെന്‍ഷന്‍ കിട്ടാത്തതിനെതിരെ മണ്‍ചട്ടിയെടുത്ത് ഭിക്ഷ യാചിച്ച് പ്രതിഷേധമറിയിച്ചതിനെതിനെത്തുടര്‍ന്ന് ഇവര്‍ക്കെതിരെ വ്യാജ പ്രചരണങ്ങളും ഭീഷണികളുമുണ്ടായിരുന്നു. മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നായിരുന്നു സിപിഎം അനുഭാവികളുടെ പ്രചരണം. ഒന്നര ഏക്കര്‍ സ്ഥലവും രണ്ടുവീടുമുണ്ടെന്നും അതില്‍ ഒരു വീട് 5,000 രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും മക്കളും സഹോദരങ്ങളുമുള്‍പ്പെടെ വിദേശത്താണെന്നുമായിരുന്നു വ്യാപകമായി നടന്ന പ്രചാരണം. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് മറിയക്കുട്ടി. വ്യാജ പ്രചാരണങ്ങള്‍ തടയണമെന്നും ഇതില്‍ കോടതി ഇടപെടണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.

More Stories from this section

family-dental
witywide