റോം: ഇറ്റലിയില്‍ ഉണ്ടായ വന്‍ അപകടത്തില്‍ രക്ഷപ്പെട്ട് ബോളിവുഡ് നടി ഗായത്രി ജോഷിയും ഭര്‍ത്താവ് വികാസ് ഒബ്‌റോയിയും. അനേകം കാറുകള്‍ കൂട്ടിയിടിക്കുകയം വാഹനങ്ങള്‍ക്ക് തീപിടിക്കുകയും ചെയ്ത സംഭവത്തില്‍ ഇരുവരും ഭാഗ്യം കൊണ്ടു പരിക്കില്ലാതെ രക്ഷപ്പെട്ടു.
നിലവില്‍ ഇറ്റലിയിലുള്ള നടിയും ഭര്‍ത്താവും സഞ്ചരിച്ച കാറും കൂട്ടയിടിയില്‍ പെടുകയായിരുന്നു. ഇരുവരും സഞ്ചരിച്ച വാഹനം കൂട്ടിയിടിച്ച വാഹനക്കൂട്ടത്തിനിടയിലേക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലെ സാര്‍ദീനിയായിലെ ഉള്‍നാടന്‍ പ്രദേശത്തെ ഒരു റോഡില്‍ ഒരു ലംബോര്‍ഗിനി കാറും ഫെരാരിയും ഒരുമിച്ച് ഒരു ക്യാമ്പര്‍ വാനിനെ ഓവര്‍ടേക്ക് ചെയ്യാനുള്ള നീക്കത്തിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു.
ഈ കാറുകളിലേക്ക് അനേകം കാറുകള്‍ വന്നിടിച്ച് കൂട്ടയിടിയായി മാറി. പെട്ടെന്ന് തന്നെ ഫെരാരി കാറില്‍ തീ പടര്‍ന്നു സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുള്ള ദമ്പതികളായ 63 കാരി മെലീസ്സാ ക്രൗട്ട്‌ലിയും 67 കാരനായ മാര്‍ക്കസ് ക്രൗട്ട്‌ലിയും തീയില്‍ പെട്ടു.
സര്‍ദീനിയയില്‍ ടൂലന്ദയില്‍ നിന്നും ഓള്‍ബിയയിലേക്ക് നടക്കുന്ന ആഡംബരകാറുകളുടെ സൂപ്പര്‍കാര്‍ ടൂറിനിടയിലായിരുന്നു അപകടമെന്നാണ് വിവരം. തങ്ങളുടെ കാറും അപകടത്തില്‍ പെട്ടെന്നും എന്നാല്‍ കുഴപ്പമില്ലെന്നും നടി ഫ്രീപ്രസ് ജേര്‍ണലിനോട് പറഞ്ഞു.
2004 ല്‍ ഷാരൂഖ് ഖാന്‍ നായകനായ അശുതോഷ് ഗൗരീക്കറിന്റെ സ്വദേശിലെ നായികയാണ് ഗായത്രിജോഷി. എന്നാല്‍ ഈ സിനിമയ്ക്ക് ശേഷം സിനിമയില്‍ നിന്നും വിട്ട താരം 2005 ല്‍ ബിസിനസുകാരനായ വികാസ് ഒബറോയ് യെ വിവാഹം ചെയ്ത് സിനിമയില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങുകയായിരുന്നു.