ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര വിൻഡീസ്‌ സ്വന്തമാക്കി

ഫ്ളോറിഡ: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയെ 8 വിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് പരമ്പര നേടിയത്. 3-2 നാണ് വിന്‍ഡീസിന്റെ പരമ്പര വിജയം.

നിർണായകമായ അവസാന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ്ങാണ് വിന്‍ഡീസിന് വിജയ വഴി വെട്ടിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനം പൂര്‍ണമായും പാളി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിന്‍ഡീസ് വിജയിച്ചിരുന്നു. എന്നാല്‍ മൂന്നും നാലും മത്സരങ്ങളില്‍ ഇന്ത്യ വിജയം സ്വന്തമാക്കി തിരിച്ചടിച്ചു. എന്നാല്‍ നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ പരാജയമായി.

അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. നേരത്തേ വിന്‍ഡീസിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

166 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കൈല്‍ മായേഴ്‌സിനെ നഷ്ടമായി. 10 റണ്‍സെടുത്ത താരത്തെ അര്‍ഷ്ദീപ് പുറത്താക്കി.

പിന്നാലെ ക്രീസിലൊന്നിച്ച നിക്കോളാസ് പൂരാനും ബ്രാന്‍ഡണ്‍ കിങ്ങും ചേര്‍ന്ന് ആക്രമിച്ച് കളിച്ചു 5.1 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. പൂരാനും കിങ്ങും അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക നിറഞ്ഞു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി പിന്നാലെ ഓപ്പണര്‍ കിങ് അര്‍ധസെഞ്ചുറിയും നേടി.

എന്നാല്‍ വിന്‍ഡീസ് ബാറ്റിങ്ങിനിടെ 12.3 ഓവറില്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു. ആ സമയം വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തിരുന്നു. കുറച്ചുസമയത്തിനുശേഷം മത്സരം പുനരാരംഭിച്ചു.

ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസ് ഒരു ട്വന്റി 20 പരമ്പര നേടുന്നത് ഏഴുവര്‍ഷത്തിന് ശേഷമാണ്. 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് വേണ്ടി ബ്രണ്ടന്‍ കിങ് 55 പന്തുകളില്‌ നിന്ന് പുറത്താകാതെ 88 റണ്‍സെടുത്തു. 47 റണ്‍സെടുത്ത് നിക്കോളസ് പൂരാനും മികച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റക്കില്‍ ഇരുവരുടെയും സെ‍ഞ്ചുറി കൂട്ടുക്കെട്ടാണ് ജയം ഉറപ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സെടുത്തത്. ഓപ്പണര്‍മാര്‍ ഇരുവരും രണ്ടക്കം കാണാതെ പുറത്തായി. സഞ്ജു സാംസണ്‍ 13 റണ്‍സെടുത്തു പുറത്തായി. സൂര്യകുമാര്‍ യാദവിന്റെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യക്ക് മാന്യമായ സ്കോര്‍ നല്‍കിയത്.