ബോളിവുഡ് താരം വിജയ് വര്‍മയുമായി പ്രണയത്തിലാണ് എന്ന് തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ നേരത്തെ തന്നെ വ്യക്തമായിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2 റിലീസിംഗിനിടെയാണ് തമന്നയും വിജയ് വര്‍മയും തമ്മിലുള്ള ബന്ധം പരസ്യമായത്. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഇരുവരും വിവാഹത്തിനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇരുവരുടേയും മാതാപിതാക്കള്‍ വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. തമന്ന പുതിയ സിനിമകളൊന്നും ഒപ്പിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം വിവാഹത്തെ കുറിച്ചുള്ള വാർത്തകളോട് തമന്നയും വിജയും പ്രതികരിച്ചിട്ടില്ല.
വിവാഹം ഒരു വലിയ ഉത്തരവാദിത്തമാണെന്നും അതിന് മാനസികമായി തയ്യാറാകേണ്ടതുണ്ട് എന്നും തമന്ന നേരത്തേ പറഞ്ഞിരുന്നു. 2005 ല്‍ പുറത്തിറങ്ങിയ ചാന്ദ് സാ റോഷന്‍ ചേഹേര എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 2007-ല്‍ പുറത്തിറങ്ങിയ ഹാപ്പി ഡേയ്സ്, കല്ലൂരി എന്നീ ചിത്രങ്ങള്‍ വഴിത്തിരിവായി. ഈ സിനിമകളുടെ വാണിജ്യ വിജയം തെലുങ്കിലും തമിഴിലും ഒരു മുൻനിര നായിക എന്ന നിലയില്‍ തമന്നക്ക് കരിയര്‍ കെട്ടിപ്പടുക്കാൻ സഹായകമായി. നിലവില്‍ വിവിധ ഭാഷകളിലായി 75 ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.