തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് വീണ്ടും രൂക്ഷമാകുന്നു; ഒപ്പിടാതെ പത്ത് ബില്ലുകള്‍ തിരിച്ചയച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ എംകെ സ്റ്റാലിന്‍ സര്‍ക്കാരും ഗവര്‍ണര്‍ ആര്‍ എന്‍ രവിയും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമാകുന്നു. തമിഴ്നാട് നിയമസഭ പാസ്സാക്കിയ പത്ത് ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ തിരിച്ചയച്ചു. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ച കോടതി ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.

ഗവര്‍ണറുടെ നടപടി ഗൗരവകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി, ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കാനും ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ഗവര്‍ണര്‍ ഒപ്പിടാതെ തിരിച്ചയച്ച ബില്ലുകള്‍ പാസ്സാക്കി വീണ്ടും ഗവര്‍ണര്‍ക്ക് അയക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്ന സാഹചര്യത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാള്‍ കൂടും.

നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകാരത്തിനായി എത്തുമ്പോള്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഭരണഘടന നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജി നവംബര്‍ 20 ന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയാണ്. അന്നേദിവസം അറ്റോര്‍ണി ജനറലോ, സോളിസിറ്റര്‍ ജനറലോ കോടതിയില്‍ ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide