കോയമ്പത്തൂർ : റോബിൻ ബസിന് മോചനം. പെർമിറ്റ് വ്യവസ്ഥ ലംഘിച്ചതിന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസിനെ പിഴ അടപ്പിച്ച ശേഷം വിട്ടു നൽകി. 10000 രൂപ പിഴ അടച്ചു. കോയമ്പത്തൂർ സെൻട്രൽ ആർടിഒ ആണ് നടപടിയെടുത്തത്. ബസ് സാധാരണപോലെ സർവീസ് നടത്തുമെന്ന് ബസ് ഉടമ ബേബി ഗിരീഷ് പറഞ്ഞു. ബസ് വൈകിട്ട് 5ന് പത്തനംതിട്ടയിലേക്ക് യാത്ര തിരിക്കും. ജോയിൻ്റ് കമ്മിഷ്ണറുടെ പരിശോധനയ്ക്ക് ശേഷമാണ് പിഴ ഈടാക്കിയത്. 18ാം തീയതി 70410 രൂപ വിവിധ ഇനങ്ങളിൽ പിഴ ഈടാക്കിയിരുന്നു. യാത്രക്കാരെ കോയമ്പത്തൂരിൽ മാത്രമേ ഇറക്കാവൂ എന്ന വ്യവസ്ഥ ലംഘിച്ചു എന്ന് ആരോപിച്ചാണ് 19ന് ബസ് പിടിച്ചെടുത്തത്. വാളയാറും കടന്ന് ഉച്ചയോടെ കോയമ്പത്തൂരിൽ എത്തേണ്ട ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടുകയായിരുന്നു. ചാവടിയിലെ ചെക്പോസ്റ്റ് പരിശോധനയക്ക് ശേഷമാണ് ബസ് പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത ബസ് യാത്രക്കാർ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ ഗാന്ധിപുരം സെൻട്രൽ ഓഫിസിലേക്ക് മാറ്റുകയും ചെയ്തു.
വാഹനം വിട്ടുതരണമെന്നും പകരം സംവിധാനം ഏർപ്പെടുത്താതെ പോകില്ലെന്നും അറിയിച്ച് റോബിൻ ബസിൻ്റെ ഉടമയും യാത്രക്കാരും പ്രതിഷേധിച്ചു . പിടിച്ചെടുത്ത ബസ്സിൽ തന്നെ തുടരുകയായിരുന്ന ഇവരെ രാത്രി എട്ടരയോടെ മോട്ടോർ വാഹന വകുപ്പിൻ്റെ വാഹനത്തിൽ കേരളത്തിലെത്തിച്ചു.
കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് തമിഴ്നാട് നടപടിയെന്ന് ബസ്സുടമ ഗിരീഷ് ആരോപിച്ചു. അതേസമയം, റോബിന് ബദലായി കെഎസ്ആർടിസി ഇറക്കിയ കോയമ്പത്തൂർ ലോ ഫ്ലോർ സർവീസ് മികച്ച കളക്ഷൻ നേടി.
Tamil Nadu Motor vehicle department released Robin Bus