കോട്ടയം: ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ അമോണിയ ചേര്‍ന്ന റബര്‍ മിശ്രിതം വെള്ളത്തില്‍ കലര്‍ന്നതിനെത്തുടര്‍ന്ന് മീനച്ചിലാറില്‍ നിന്നുള്ള ശുദ്ധജല പമ്പിങ് നിര്‍ത്തിവെച്ചു. നാലു പഞ്ചായത്തുകളിലെ 15 കുടിവെള്ള പദ്ധതികളുടെ പമ്പിങ്ങാണ് നിര്‍ത്തിവെച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ നാലുപഞ്ചായത്തുകളിലെ 15 കുടിവെള്ള പദ്ധതികളുടെ പമ്പിങ് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനിച്ചത്. കോട്ടയം എലിക്കുളത്താണ് ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അമോണിയ കുടിവെള്ളത്തില്‍ വ്യാപിച്ചത്. പിന്നീട് വിവിധ തോടുകളിലൂടെ ഈ മലിനജലം മീനച്ചിലാറില്‍ ഒഴുകിയെത്തുകയായിരുന്നു.
കോട്ടയം എലിക്കുളത്തെ വീടുകളിലെ കിണറുകളിലെ ജലവും മലിനമാക്കപ്പെട്ടിട്ടുണ്ട്. മലിനജലം മാറ്റി, കിണര്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇനി കിണര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതേസമയം പാലായില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ മലിനജലം ഒഴുകിപ്പോകുന്നതിന് ഇത് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഉരുളികുന്നം, പൂവരണി, കൂമ്പാനി, മീനച്ചില്‍, കുറ്റിലം, കടയം ഭാഗങ്ങളിലൂടെയാണ് അമോണിയ കലര്‍ന്ന റബര്‍ മിശ്രിതം മീനച്ചിലാറില്‍ ഒഴുകിയെത്തിയത്.