ഇദാഹോ: പടക്കം പൊട്ടിക്കുന്നതിനിടെ 16കാരന്‍ കാണിച്ച ചെറിയ കുസൃതിയില്‍ കത്തി നശിച്ചത് 28 ഏക്കര്‍ പ്രദേശം. അമേരിക്കയിലെ ഇദാഹോയില്‍ ശനിയാഴ്ചയാണ് സംഭവം. വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസെടുത്തു.
‘മോര്‍ട്ടാര്‍’ ടെക്‌നിക്കിൽ പടക്കം പൊട്ടിക്കുന്നത് കാണിക്കാമെന്ന് പറഞ്ഞാണ് കൂട്ടുകാരെയും കൂട്ടി വിദ്യാര്‍ഥി വന്നത്. ട്യൂബ് ഉപയോഗിച്ച് പടക്കം പൊട്ടിക്കുന്ന ടെക്‌നിക്കാണ് മോര്‍ട്ടാര്‍. എന്നാല്‍ സംഭവം കൈവിട്ടതോടെ കൂട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു.
ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്. അപ്പോഴേക്കും 28 ഏക്കര്‍ പ്രദേശം കത്തി നശിച്ചിരുന്നു. രാത്രി ഒന്‍പതു മണിക്കാണ് തീ പിടിത്തമുണ്ടായത്. 12 മണി വരെ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചതെന്ന് ഈഗിള്‍ പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പടക്കം പൊട്ടിക്കുന്നതില്‍ നിന്നും കൂട്ടുകാര്‍ വിലക്കിയെങ്കിലും വിദ്യാര്‍ഥി അംഗീകരിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിദ്യാര്‍ഥിയുടെ കേസ് ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണെന്നും പൊലീസ് അറിയിച്ചു.