മണ്ണിലിറങ്ങാത്ത ഫാംഹൌസ് മുഖ്യമന്ത്രി; പ്രധാനമന്ത്രി സ്വപ്നങ്ങളും പൊലിഞ്ഞ്, തകർന്നടിഞ്ഞ് കെസിആർ

തെലങ്കാന എന്ന വികാരം ആളിക്കത്തിച്ചാണ് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ കെ ചന്ദ്രശേഖര്‍ റാവു എന്ന കെസിആർ തെലങ്കാനയുടെ തലതൊട്ടപ്പനായത്. എന്നാല്‍, ഇത്തവണ, ‘തെലുങ്ക് ഗൗരവം’ കെസിആറിനെ കൈവിട്ടു. പ്രത്യേക സംസ്ഥാനം രൂപീകരിച്ചിട്ടും വികസനമില്ലായ്മയും തൊഴിലില്ലായ്മയും മാറിയില്ലെന്ന കോണ്‍ഗ്രസ് പ്രചാരണത്തിന് മുന്നില്‍ കെസിആറിന് അടിതെറ്റി. സര്‍ക്കാരിന്റെ അവസാന കാലത്ത് ഉയര്‍ന്നുവന്ന അഴിമതി ആരോപണവും കുടുംബവാഴ്ചയ്ക്ക് എതിരെയുള്ള ജനവികാരവും കെസിആറിനെ ഉലച്ചു.

പ്രക്ഷോഭത്തിലൂടെ വളര്‍ന്നുവന്ന്, തെലങ്കാന പ്രക്ഷോഭത്തിലൂടെ തന്നെ അവസാനിക്കുകയാണ് കെ ചന്ദ്രശേഖര്‍ റാവു. രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച കെസിആര്‍ കമ്മറെഡ്ഡിയില്‍ രേവന്ത് റെഡ്ഡിയോട് ഏറെ പിന്നിലാണ്. കമ്മറെഡ്ഡി അദ്ദേഹത്തിന്റെ ജന്മദേശമായിട്ടു കൂടി അദ്ദേഹത്തിന് അവിടെ ജയിക്കാനാവത്തത് വലിയ ക്ഷീണമായി തീർന്നിരിക്കുകയാണ്. ഗജ്‌വേലില്‍ കെസിആര്‍ മുന്നിലാണെങ്കിലും ബിആര്‍എസ് ഏകദേശം അടിയറവ് പറഞ്ഞു കഴിഞ്ഞു. തെലങ്കാന വീരനായകനെ സ്വന്തം ജനത കൈവിട്ടു.

സ്ത്രീകളേയും കര്‍ഷകരേയും കയ്യിലെടുക്കാനായി പ്രഖ്യാപിച്ച പ്രകടനപത്രികയും വികസന മുരടിപ്പ് എണ്ണിയെണ്ണി പറഞ്ഞുള്ള പ്രചാരണവും ജാതി സമവാക്യങ്ങള്‍ നോക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതും കോണ്‍ഗ്രസിനെ സഹായിച്ചു. ഹൈദരബാദ് മാത്രം കേന്ദ്രീകരിച്ചാണ് വികസനം നടത്തുന്നെന്നും ഗ്രാമങ്ങളിലെ സ്ഥിതി പരിതാപമാണെന്നുമുള്ള രേവന്ത് റെഡ്ഡിയുടെ പ്രചാരണം മറികടക്കാന്‍ കെസിആറിനായില്ല.

ഗ്രാമ മേഖലകളിലെ ശക്തമായ ബിആര്‍എസ് കോട്ടകള്‍ എല്ലാം തകര്‍ന്നു. പ്രധാനമന്ത്രി സ്വപ്‌നവുമായി പാര്‍ട്ടിയുടെ പേരുമാറ്റി ഡല്‍ഹി യാത്രകള്‍ പതിവാക്കിയ കെസിആര്‍ പക്ഷേ, സ്വന്തം കാലിനടയിലെ മണ്ണ് ഒലിച്ചുപോകുന്നത് കണ്ടില്ല. എല്ലാ സംസ്ഥാനങ്ങളിലേയും മാധ്യമങ്ങളിൽ വൻ പരസ്യങ്ങൾ നൽകി ഡൽഹി സ്വപ്നം കണ്ടിരുന്ന കെസിആർ ഇനി എങ്ങനെയായിരിക്കും തിരിച്ചു വരിക എന്നത് വലിയ ചോദ്യമാണ്. മകൾ കെ. കവിതയെ ദേശീയ രാഷ്ടീയത്തിലേക്കും മകൻ കെടിആറിനെ സംസ്ഥാന രാഷ്ട്രീയത്തിലേക്കും ഉഴിഞ്ഞുവച്ചിരുന്ന കെസിആറിനെ നിലം പരിശാക്കിയത് വലിയ പാരമ്പര്യങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത രേവന്ത് റെഡ്ഡി എന്ന നേതാവാണ്.

Telangana CM K Chandrasekhar Rao Trails Amid Congress Gains

More Stories from this section

family-dental
witywide