മുതിര്‍ന്ന തെലുങ്ക് നടന്‍ ചന്ദ്ര മോഹന്‍ അന്തരിച്ചു

ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് നടന്‍ ചന്ദ്ര മോഹന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. കുറച്ചുനാളുകളായി പ്രായാധിക്യത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകളില്‍ ബുദ്ധിമുട്ടുകയായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെയാണ് മരണം. 932 സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ചന്ദ്ര മോഹന്‍ 150 ചിത്രങ്ങളില്‍ നായക പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവും പ്രമുഖ സംവിധായകനുമായ കെ വിശ്വനാഥിന്റെ ബന്ധുവാണ് ചന്ദ്ര മോഹന്‍.

1943ല്‍ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കാല ഗ്രാമത്തിലാണ് ജനനം. 1966ല്‍ ഇറങ്ങിയ രംഗുല രത്നമാണ് അഭിനയിച്ച ആദ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ് ലഭിച്ചിരുന്നു. ഇതിന് പുറമേ നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രമുഖ പിന്നണി ഗായകന്‍ എസ്പിബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

More Stories from this section

family-dental
witywide